ലണ്ടന്‍: മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഇംഗ്ലീഷ് താരം മാർക്കസ് റാഷ്‌ഫോർഡിന് പ്രീമിയര്‍ ലീഗിന്‍റെ പുതിയ സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാവുമെന്ന് റിപ്പോര്‍ട്ട്. തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടതിലാണ് ടീമിന്‍റെ ആദ്യ മത്സരങ്ങളില്‍ താരത്തിന് പുറത്തിരിക്കേണ്ടി വരികയെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ചൊവ്വാഴ്ച നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ റാഷ്‌ഫോർഡിന് ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ലീഗിലെ കഴിഞ്ഞ സീസണിനിടെയാണ് താരത്തിന്‍റെ തോളിന് പരിക്കേല്‍ക്കുന്നത്. യൂറോ കപ്പിന് ശേഷം റാഷ്‌ഫോർഡ് ശസ്ത്രക്രിയയ്ക്ക് വിധേയനാവുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കളിഞ്ഞ സീസണില്‍ ടീമിനായി 57 മത്സരങ്ങളില്‍ നിന്നായി 21 ഗോളുകളാണ് 23കാരന്‍ കണ്ടെത്തിയത്. അതേസമയം പ്രീമിയര്‍ ലീഗ് 2021-22 സീസണിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ആദ്യ മത്സരം ഓഗസ്റ്റ് 14നാണ് നടക്കുക. ലീഡ്സ് യുണൈറ്റഡാണ് എതിരാളികള്‍.
യൂറോ കപ്പില്‍ പലപ്പോഴും പുറത്തിരിക്കേണ്ടിവന്ന റാഷ്‌ഫോർഡ് പകരക്കാരനായാണ് അഞ്ച് തവണ കളത്തിലിറങ്ങിയത്. ഫൈനലില്‍ ഇറ്റലിക്കെതിരെ പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിനെ തുടര്‍ന്ന് ഒരു കൂട്ടം ഇംഗ്ലണ്ട് ആരാധകര്‍ റാഷ്‌ഫോര്‍ഡ്, ജെയ്ഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നീ താരങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് വംശീയ അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി റാഷ്‌ഫോര്‍ഡ് രംഗത്തെത്തുകയും ചെയ്തു. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് മാപ്പ് ചോദിക്കുന്നതായും എന്നാല്‍ ''താന്‍ എന്താണെന്നതിന്'' മാപ്പ് ചോദിക്കില്ലെന്നും താരം പറഞ്ഞു. സോഷ്യല്‍ മീഡയയിലൂടെയായിരുന്നു റാഷ്‌ഫോര്‍ഡിന്‍റെ പ്രതികരണം.