ഫുട്‌ബോൾ പ്രേമികളെ ആവേശത്തിലാഴ്‌ത്തി യൂറോപ്പിലെ പ്രധാനപ്പെട്ട അഞ്ച് ലീഗുകളിൽ ഞായറാഴ്‌ച വാശിയേറിയ പോരാട്ടം. മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ടോട്ടൻഹാം, റയൽ മാഡ്രിഡ്, യുവന്‍റസ് എന്നീ വമ്പൻമാർ വിവിധ ലീഗുകളിൽ ഇന്ന് പന്ത് തട്ടാനിറങ്ങും.
ഇംഗ്ലണ്ട്
വമ്പൻമാർ തമ്മിലുള്ള മത്സരത്തിനാണ് ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സാക്ഷ്യം വഹിക്കുക. തുടർച്ചയായ രണ്ടാം ജയം തേടി സീസണിലെ ആദ്യ എവേ മത്സരങ്ങൾക്കിറങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, ടോട്ടൻഹാം എന്നീ ടീമുകൾ.
മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്‌ടണെയാണ് നേരിടുന്നത്. ടോട്ടൻഹാം വോൾവ്സിനെയും, ചെൽസി കരുത്തരായ ആഴ്‌സണലിനെയും നേരിടും. റൊമേലു ലുക്കാക്കുവിന്‍റെ ചെൽസിയിലെ അരങ്ങേറ്റത്തിനും ഒരു പക്ഷേ ഇന്നത്തെ മത്സരം സാക്ഷ്യം വഹിക്കും.
സ്‌പെയിൻ
പരിശീലകൻ കാർലോ ആൻസെലോട്ടി തിരിച്ചുവരവോടെ തുടർച്ചയായ രണ്ടാം വിജയം തേടിയാണ് റയൽ മാഡ്രിഡ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. ലെവന്‍റെയാണ് റയലിന്‍റെ എതിരാളി. അത്ലറ്റികോ മാഡ്രിഡും രണ്ടാം വിജയം തേടിയാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. എൽച്ചെയാണ് എതിരാളി.
ഇറ്റലി
സീരി എ കിരീടം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് യുവന്‍റസ്. ഞായറാഴ്‌ച നടന്ന മത്സരത്തിൽ അറ്റ്‌ലാന്‍റയെ 3-1 ന് തോൽപ്പിച്ചതിന്‍റെ വിജയ പ്രതീക്ഷയുമായാണ് യുവന്‍റസ് ഇന്ന് കളത്തിലിറങ്ങുന്നത്. ഉദിനീസിയാണ് എതിരാളി. മറ്റൊരു മത്സരത്തിൽ ബൊലോഗ്ന സലോർനിറ്റാനയെ നേരിടും.
ജർമ്മനി
പുതിയ പരിശീലകൻ സ്റ്റെഫൻ ബോംഗാർട്ടിന്‍റെ നേതൃത്വത്തിൽ ആദ്യ ബുണ്ടസ് ലീഗ കിരീടം ലക്ഷ്യമിട്ടാണ് ബയേൺ മ്യൂണിക്ക് ഇന്ന് മത്സരിക്കാനിറങ്ങുന്നത്. കൊളോണിനെതിരെ രാത്രി 9.00 നാണ് മത്സരം. ആദ്യഘട്ടത്തിൽ പിറകിലായിരുന്നെങ്കിലും ഹെർത്ത ബെർലിനെ 3-1 തോൽപ്പിച്ചാണ് ടീം മുന്നേറ്റം നടത്തിയത്. ലീഗിലെ മറ്റൊരു മത്സരത്തിൽ ഹൊഫിൻഹെയിം യൂണിയൻ ബർലിനെ നേരിടും.
ഫ്രാൻസ്
ഫ്രഞ്ച് ലീഗിൽ നൈസും മാർസെയ്‌ലും ഇന്ന് മത്സരിക്കുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റാണ് ഇരുവരുടേയും സമ്പാദ്യം. പി.എസ്.ജിയാണ് പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയത്തോടെ ഒൻപത് പോയിന്‍റാണ് പി.എസ്.ജിക്കുള്ളത്.