ഓൾഡ് ട്രാഫോർഡ്: സ്വന്തം മൈതാനത്ത് ജയിച്ചെന്ന് കരുതിയ മത്സരം സമനിലയില്‍ അവസാനിപ്പിക്കേണ്ടി വന്നതിനേക്കാൾ ചാമ്പ്യൻസ് ലീഗ് യോഗ്യത തുലാസിലായതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരെ വിഷമിപ്പിക്കുന്നത്. പ്രീമിയർ ലീഗില്‍ സതാംപ്ടണിനെതിരെ ഇന്ന് മത്സരിക്കാനിറങ്ങുമ്പോൾ വിജയം ഉറപ്പിച്ചാണ് പരിശീലകൻ ഒലെ സോൾഷ്യർ ടീമിനെ ഇറക്കിയത്. മികച്ച താരങ്ങളെല്ലാം അന്തിമ ഇലവനില്‍. പക്ഷേ കളി തുടങ്ങിയപ്പോൾ തന്നെ സതാംപ്‌ടൺ നിലപാട് വ്യക്തമാക്കി. പന്ത്രണ്ടാം മിനിട്ടില്‍ ആംസ്ട്രോങിന്‍റെ ഗോളിലൂടെ സതാംപ്‌ടൺ മുന്നില്‍. ഓൾഡ് ട്രാഫോർഡ് ഞെട്ടി. പക്ഷേ സമനില തെറ്റാതെ കളിച്ച മാഞ്ചസ്റ്റർ 20 മിനിട്ടില്‍ മുന്നേറ്റതാരം മാർക്കസ് റാഷ്‌ഫോർഡിലൂടെ സമനില പിടിച്ചു.
23-ാം മിനിട്ടില്‍ ആന്‍റണി മാർഷ്യല്‍ മനോഹരമായ ഗോളിലൂടെ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. പിന്നീട് മത്സരം ജയിച്ചെന്ന് ഉറപ്പിച്ച് മാഞ്ചസ്റ്ററിന്‍റെ കളി. പക്ഷേ 87-ാം മിനിട്ടില്‍ സതാംപ്‌ടൺ, ഒബഫെമിയെ പകരക്കാരനായി കളത്തിലിറക്കി. അതിന് ഫലവും കണ്ടു. മത്സരത്തിന്‍റെ അധിക സമയത്ത് മാഞ്ചസ്റ്ററിന്‍റെ ഗോൾ വലയ്ക്ക് സമീപത്തെ കൂട്ടപ്പൊരിച്ചിലിനിടെ ഒബഫെമി ലക്ഷ്യം കണ്ടു. സതാംപ്‌ടണിന് സമനില. മത്സര ഫലം (2-2). മാഞ്ചസ്റ്ററിന് ഉറപ്പിച്ച വിജയം നഷ്‌ടമായി. അതോടൊപ്പം പ്രീമിയർ ലീഗിലെ പോയിന്‍റ് പട്ടികയിലെ മൂന്നാം സ്ഥാനവും നഷ്ടം. ഇന്നത്തെ മത്സരം സമനിലയായതോടെ ലെസ്റ്റർ സിറ്റിക്ക് താഴെ 59-ാം പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇനി ഇന്ന് നടക്കുന്ന ചെല്‍സിയ - നോർവിച്ച് സിറ്റി മത്സര ഫലവും വ്യാഴാഴ്ച നടക്കുന്ന ലെസ്റ്റർ സിറ്റി- ഷെഫീല്‍ഡ് യുണൈറ്റഡ് മത്സര ഫലവും വെള്ളിയാഴ്ച നടക്കുന്ന ക്രിസ്റ്റല്ർ പാലസ്- മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സര ഫലവും ആശ്രയിച്ചാണ് മാഞ്ചസ്റ്ററിന്‍റെ ചാമ്പ്യൻസ് ലീഗ് യോഗ്യത സാധ്യതകൾ.