ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി. ലെസ്റ്റര്‍ സിറ്റിയോട് രണ്ടിനെതിരേ നാലുഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കീഴടങ്ങിയത്. മത്സരത്തിന്‍റെ 19ാം മിനിട്ടില്‍ യുവതാരം മേസണ്‍ ഗ്രീന്‍വുഡിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്.
ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ പാസ് സ്വീകരിച്ച ഗ്രീന്‍വുഡ് ബോക്സിന് പുറത്തുനിന്നും തൊടുത്ത ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിലിടിച്ച് വലയില്‍ പതിക്കുകയായിരുന്നു. എന്നാല്‍ 31ാം മിനിട്ടില്‍ ലെസ്റ്റര്‍ സമനില പിടിച്ചു. യൂറി ടിലെമാന്‍സാണ് ലെസ്റ്ററിനായി ഗോള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് രണ്ടാം പകുതിയില്‍ ആക്രമിച്ച് കളിച്ച നീലപ്പട 78ാം മിനിട്ടില്‍ സമനില തകര്‍ത്തു. യുണൈറ്റഡ് പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്ത സാഗ്ലര്‍ സോയുനുസുവാണ് ടീമിനെ മുന്നിലെത്തിച്ചത്. എന്നാല്‍ പകരക്കാരനായെത്തിയ മാര്‍ക്കസ് റാഷ്ഫോര്‍ഡിലൂടെ 82-ാം മിനിട്ടില്‍ യുണൈറ്റഡ് സമനില പിടിച്ചു. വിക്ടര്‍ ലിന്‍ഡലോള്‍ഫിന്‍റെ ലോങ് പാസില്‍ നിന്നായിരുന്നു റാഷ്ഫോര്‍ഡിന്‍റെ ഗോള്‍ നേട്ടം.
also read: ഇന്ത്യയ്‌ക്ക് എട്ടാം സാഫ് കിരീടം; ഗോളടിച്ച് സഹലും, നേപ്പാളിനെ തകര്‍ത്തത് മൂന്ന് ഗോളിന്
തൊട്ടടുത്ത മിനിട്ടില്‍ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് ജെയ്മി വാര്‍ഡിയിലൂടെ ലെസ്റ്റര്‍ ലീഡെടുത്തു. പിന്നാലെ ഇന്‍ജുറി ടൈമില്‍ പകരക്കാരനായെത്തിയ പാറ്റ്സണ്‍ ഡാക്കയും ഗോള്‍ കണ്ടെത്തിയതോടെ യുണൈറ്റഡിന്‍റെ തകര്‍ച്ച പൂര്‍ണ്ണമായി. തോല്‍വിയോടെ യുണൈറ്റഡ് പോയിന്‍റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തെത്തി.
എട്ട് മത്സരങ്ങളില്‍ നിന്നും നാല് വിജയവും രണ്ട് വീതം തോല്‍വിയും സമനിലയുമടക്കം 14 പോയിന്‍റാണ് ടീമിനുള്ളത്. എട്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് വിജയം മാത്രമുള്ള ലെസ്റ്റര്‍ 11ാം സ്ഥാനത്താണ്. രണ്ട് സമനിലയും മൂന്ന് തോല്‍വിയുമടക്കം 11 പോയിന്‍റാണ് ലെസ്റ്ററിനുള്ളത്.