മലപ്പുറം: കളിക്കളത്തില്‍ കുഴഞ്ഞുവീണ് മരിച്ച പ്രമുഖ ഫുട്ബോൾ താരം ധന്‍രാജിന്റെ കുടുബത്തിനുള്ള ധനസഹായാർത്ഥം നടക്കുന്ന സെലിബ്രറ്റി ഫുട്ബോൾ മത്സരം ഇന്ന്. വൈകിട്ട് ഏഴിന് നിലമ്പൂർ വാണിയമ്പലത്ത് മത്സരം ഐഎം വിജയന് ഉദ്ഘാടനം ചെയ്യും.
പ്രാദേശിക ഫുട്ബോൾ ക്ലബായ എസ്എഫ്എയാണ് ഈ ആശയത്തിന് പിന്നില്‍. ഐ എം വിജയൻ നയിക്കുന്ന റോയൽ ട്രാവൽസും രാമൻ വിജയൻ നയിക്കുന്ന ഫിഫ മഞ്ചേരിയും തമ്മിലാണ് മത്സരം. കെടി ചാക്കോ, യു ഷറഫലി, ജോണ്‍ പോൾ അഞ്ചേരി, എം സുരേഷ്, സി വി പാപ്പച്ചൻ, അജയൻ, അബ്ദുൽ ഹക്കീം, പി ഷാജി എന്നിവർ കളിക്കാനിറങ്ങും.
പാലക്കാട് സ്വദേശിയായ ധന്‍രാജ് കഴിഞ്ഞ മാസം അവസാനം മലപ്പുറത്ത് 48-ാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മുന്‍ സന്തോഷ് ട്രോഫി താരമാണ്. 2014- ൽ മഞ്ചേരിയിൽ നടന്ന ഫെഡറേഷൻ കപ്പിൽ മുഹമ്മദൻസിന്റെ നായകനായിരുന്നു. മലമ്പുഴ ടാലന്റ് ഫുട്ബോൾ അക്കാദമിയില്‍ പരിശീലകനായി സേവനം അനുഷ്ടിച്ചുവരുകയായിരുന്നു. ഭാര്യ: അർച്ചന. മകൾ: ശിവാനി.