ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് മേല്‍ പരിക്കിന്‍റെ കുരിക്ക് മുറുകുന്നു. ഇംഗ്ലണ്ടും ബെല്‍ജിയവും തമ്മില്‍ നടന്ന യുവേഫ നേഷന്‍സ് ലീഗ് മത്സരത്തിനിടെ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ് പരിക്കേറ്റതാണ് ലിവര്‍പൂളിനെ ആശങ്കയിലാക്കുന്നത്. ചെമ്പടയുടെ പടത്തലവന്‍ കൂടിയായ ഹെന്‍ഡേഴ്‌സണ് പരിക്കേറ്റതിനെ തുടര്‍ന്ന് ആന്‍ഫീല്‍ഡില്‍ ഉയരുന്ന ആശങ്കകള്‍ വലുതാണ്. നേഷന്‍സ് ലീഗില്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഹെന്‍ഡേഴ്‌സണ്‍ പരിക്ക് കാരണം പുറത്ത് പോയിരുന്നു. ഹാരി വിങ്ക്സായിരുന്നു ഹെന്‍ഡേഴ്‌സണ് പകരം കളത്തിലിറങ്ങിയത്. അതേസമയം താരത്തിന്‍റ പരിക്ക് സാരമുള്ളതാണോയെന്ന് ഇതേ വരെ വ്യക്തമായിട്ടില്ല.
വിര്‍ജില്‍ വാന്‍ഡിക്ക് ഉള്‍പ്പെടെ മൂന്ന് പ്രതിരോധ താരങ്ങള്‍ക്കാണ് നേരത്തെ പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്നത്. ഇക്കൂട്ടത്തിലേക്കാണ് ഇപ്പോള്‍ ഹെന്‍ഡേഴ്‌സണ്‍ കൂടി എത്തുന്നത്. വാന്‍ഡിക്കിനെ കൂടാതെ ജോ ഗോമസ്, ജോയല്‍ മാറ്റിപ് എന്നിവര്‍ക്കാണ് നേരത്തെ പരിക്കേറ്റത്.
മുന്‍ സീസണില്‍ ചരിത്ര വിജയം സ്വന്തമാക്കാനായെങ്കിലും ഈ സീസണില്‍ ആന്‍ഫീല്‍ഡിലെ ആരാധകരില്‍ നിരാശ പടര്‍ത്തുന്ന തുടക്കമാണ് ലിവര്‍പൂളിന് ലഭിച്ചത്. ജര്‍മന്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ്പ് ഉള്‍പ്പെടെയുള്ളവര്‍ പരിക്കിനെ എങ്ങനെ നേരിടുമെന്ന് ആലോചിച്ച് ആശയക്കുഴപ്പത്തിലാണ്. കഴിഞ്ഞ സീസണില്‍ മൂന്ന് പരാജയങ്ങള്‍ മാത്രം വഴങ്ങിയ ലിവര്‍പൂള്‍ ഇത്തവണ ഇതിനകം രണ്ട് തവണ എതിരാളികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി.
ആന്‍ഫീല്‍ഡില്‍ മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിക്ക് എതിരെയാണ് ക്ലോപ്പിന്‍റെ ശിഷ്യന്‍മാരുടെ അടുത്ത പോരാട്ടം. പ്രതിരോധത്തിലെയും നേതൃത്വത്തിലെയും പോരായ്‌മകള്‍ ക്ലോപ്പ് എങ്ങനെ മറികടക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് ലിവര്‍പൂളിന്‍റെ ആരാധകരും ഫുട്‌ബോള്‍ നിരീക്ഷകരും.