പാരീസ്: ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്ക് തുടർച്ചയായ രണ്ടാം ജയം. സൂപ്പര്‍ താരം ലയണല്‍ മെസി ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ജർമ്മൻ ക്ലബ് ആർബി ലെപ്‌സിഗിനെയാണ് പിഎസ്‌ജി തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് വമ്പന്മാര്‍ വിജയം പിടിച്ചത്.
മെസിക്ക് പുറമെ കിലിയൻ എംബാപ്പെയാണ് പിഎസ്‌ജിക്കായി ലക്ഷ്യം കണ്ടത്. ആന്ദ്രേ സിൽവ, നോർദി മുകിയേലെ എന്നിവരാണ് ലെപ്‌സിഗിന്‍റെ ഗോൾ സ്കോറർമാർ. മത്സരത്തിന്‍റെ ഒമ്പതാം മിനിട്ടില്‍ തന്നെ എംബാപ്പെയിലൂടെ മുന്നിലെത്താന്‍ പിഎസ്‌ജിക്ക് സാധിച്ചിരുന്നു.
എന്നാല്‍ 28ാം മിനിട്ടില്‍ ആന്ദ്രേ സിൽവയുടെ ഗോളില്‍ ഒപ്പം പിടിച്ച ജര്‍മ്മന്‍ ക്ലബ് രണ്ടാം പകുതിയുടെ 57ാം മിനിട്ടില്‍ നോർദി മുകിയേലെയിലൂടെ ലീഡെടുത്തു. പിന്നാലെയാണ് മെസിയുടെ ഇരട്ട ഗോളുകള്‍ പിറന്നത്. 67ാം മിനിട്ടില്‍ എംബാപ്പെയുടെ പാസില്‍ വലകുലുക്കിയ മെസി 74ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
also read: ടി20 ലോക കപ്പ് : ക്വാളിഫയറില്‍ രണ്ടാം ജയം, സ്‌കോട്ട്‌ലന്‍ഡ് സൂപ്പര്‍ 12നരികെ
94ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെ നഷ്ടപ്പെടുത്തിയെങ്കിലും മത്സരം പിഎസ്‌ജി വരുതിയിലാക്കി. കളിയുടെ 65 ശതമാനവും പന്ത് കൈവശം വെച്ച് ആധിപത്യം പുലര്‍ത്താന്‍ പിഎസ്‌ജിക്കായിരുന്നെങ്കിലും ചില മികച്ച മുന്നേറ്റങ്ങളിലൂടെ ഫ്രഞ്ച് ക്ലബിന്‍റെ ഗോള്‍ മുഖത്തേക്ക് ഇരച്ച് കയറാന്‍ ലെപ്‌സിഗിനായി.
വിജയത്തോടെ ഗ്രൂപ്പ് എയില്‍ ഒന്നാമതെത്താന്‍ പിഎസ്‌ജിക്കായി. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയവും ഒരു സമനിലയിലയുമായി ഏഴ് പോയിന്‍റാണ് ടീമിനുള്ളത്. ആറ് പോയിന്‍റുള്ള മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. മൂന്ന് മത്സരങ്ങളും തോറ്റ ലെപ്‌സിഗ് അവസാന സ്ഥാനത്താണ്.