റോം: മാരിയോ ബലോട്ടെല്ലിക്കെതിരെയുണ്ടായ വംശീയാധിക്ഷേപത്തെ തുടർന്ന് ഇറ്റാലിയന്‍ ക്ലബ് ലാസിയോക്ക് 15.88 ലക്ഷം രൂപ പിഴ വിധിച്ചു. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗായ സീരി എ അധികൃതരാണ് 20000 യൂറോ പിഴ വിധിച്ചത്. ലാസിയോയുടെ ആരാധകരുടെ ഭാഗത്ത് നിന്നുമാണ് അധിക്ഷേപമുണ്ടായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനും ലീഗ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. സീരി എയില്‍ ഞായറാഴ്ച്ച ലാസിയോയും ബ്രസിക്കയും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. വംശീയാധിക്ഷേപത്തെ തുടർന്ന് മത്സരം ഇടക്ക് വെച്ച് നിർത്തിവെച്ചു.
ബ്രസിക്ക താരമായ ബലോട്ടെല്ലി മത്സരത്തിന്‍റെ 18-ാം മിനുട്ടില്‍ ഗോള്‍ നേടിയതിന് പിന്നാലെയാണ് ലാസിയോ ആരാധകര്‍ വംശീയാധിക്ഷേപം ആരംഭിച്ചത്. പിന്നീട് രണ്ട് ഗോള്‍ തിരിച്ചടിച്ച് ലാസിയോ കളി ജയിച്ചു. ലാസിയോ ആരാധകരുടെ പ്രവര്‍ത്തികള്‍ അവരെ പോലും നാണം കെടുത്തുന്നതാണെന്നായിരുന്നു മത്സരശേഷം ബലോട്ടിയുടെ പ്രതികരണം.
ഇറ്റാലിയന്‍ സീരി എയില്‍ ബലോട്ടെല്ലി ഉൾപ്പെടെയുള്ള താരങ്ങൾക്ക് നേരെ ഇതിന് മുമ്പും വംശീയാധിക്ഷേപം ഉണ്ടായിട്ടുണ്ട്.