മാഡ്രിഡ്: സ്‌പാനിഷ് ഫുട്‌ബോൾ ലീഗായ ലാലിഗയുടെ അടുത്ത സീസണ്‍ സെപ്റ്റംബർ 12ന് ആരംഭിക്കുമെന്ന് പ്രസിഡന്‍റ് ജാവിയർ ടെബാസ്. കളിക്കാരുടെയും ഒഫീഷ്യല്‍സിന്‍റെയും സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേകം പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൊവിഡ് 19 കാരണം അനിശ്ചിതമായി നിർത്തിവെച്ച നിലവിലെ സീസണിലെ മത്സരങ്ങൾ ജൂണ്‍ 12 മുതല്‍ പുനരാരംഭിക്കും. ലീഗിലെ താരങ്ങൾ പരിശീലനം പുനരാരംഭിച്ചു. ആദ്യ ഘട്ടത്തില്‍ സാമൂഹ്യ അകലം പാലിച്ച് വ്യക്തിഗതമായി നടത്തിയ പരിശീലനം നിലവില്‍ ചെറുസംഘങ്ങളായിട്ടാണ് നടത്തുന്നത്.
കൊവിഡ് 19ന് ശേഷം ആഗോള തലത്തില്‍ ജർമന്‍ ബുണ്ടസ് ലീഗയാണ് ആദ്യം പുനരാരംഭിച്ചത്. മെയ് 16നാണ് ലീഗിന് തുടക്കമായത്. പിന്നാലെ ലാലിഗയും പുനരാരംഭിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ലീഗില്‍ 58 പോയിന്‍റുമായി ബാഴ്‌സലോണയാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് 56 പോയിന്‍റുമായി റയല്‍ മാഡ്രിഡും മൂന്നാം സ്ഥാനത്ത് 47 പോയിന്‍റുമായി സില്‍വിയയും നിലയുറപ്പിച്ചിട്ടുണ്ട്. ലീഗിലെ ഈ സീസണ്‍ പുനരാരംഭിച്ചാല്‍ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മില്‍ ശക്തമായ കിരീട പോരാട്ടം തന്നെ നടക്കുമെന്ന കാര്യം ഉറപ്പാണ്.