ബാഴ്‌സലോണ: സൂപ്പര്‍ താരം മെസിയുടെ പടിയിറക്കത്തിന് പിന്നാലെ നടന്ന ആദ്യ എൽ ക്ലാസിക്കോയില്‍ തോല്‍വി വഴങ്ങി ബാഴ്‌സലോണ. സ്വന്തം തട്ടകമായ ന്യൂക്യാമ്പിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ മാന്‍ഡ്രിഡിനോട് കറ്റാലന്മാര്‍ തോല്‍വി വഴങ്ങിയത്.
ഡേവിഡ് അലബ, ലൂക്കാസ് വാസ്‌ക്വസ് എന്നിവരാണ് റയലിനായി ലക്ഷ്യം കണ്ടത്. സെർജിയോ അഗ്യൂറോയാണ് ബാഴ്‌സയുടെ ആശ്വാസ ഗോൾ നേടിയത്. മത്സരത്തില്‍ ബാഴ്‌സയാണ് ആദ്യ മുന്നേറ്റം നടത്തിയത്. തുടക്കത്തില്‍ തന്നെ സെർജിനോ ഡെസ്റ്റിന് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല.
പതിയെ മത്സരത്തില്‍ താളം കണ്ടെത്തിയ റയല്‍ 32ാം മിനിറ്റിൽ മുന്നിലെത്തി. റോഡ്രിഗോയുടെ പാസില്‍ ഡേവിഡ് അലബയാണ് ലക്ഷ്യം കണ്ടത്. താരത്തിന്‍റെ ആദ്യ ആദ്യ എൽ ക്ലാസിക്കോ കൂടിയാണിത്. ഗോള്‍ വഴങ്ങിയതോടെ ബാഴ്‌സ തിരിച്ച് വരവിന് ശ്രമിച്ചെങ്കിലും മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞില്ല.
also read: പുൽത്തകിടിയിൽ വേലികെട്ടിത്തിരിച്ച് ഫാമിലി പോഡുകൾ, വ്യത്യസ്തമായി ടി20 ലോകകപ്പിലെ ഗ്യാലറികൾ
എന്നാല്‍ 93ാം മിനുട്ടില്‍ ലൂക്കാസ് വാസ്‌ക്വസ് റയലിനായി വീണ്ടും വലകുലുക്കി. ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് 97ാം മിനുട്ടിലാണ് സെർജിയോ അഗ്യൂറോ ലക്ഷ്യം കണ്ടത്. ബാഴ്‌സയ്‌ക്കായി താരത്തിന്‍റെ ആദ്യ ഗോള്‍ നേട്ടമാണിത്.
2004നുശേഷം ബാഴ്‌സയില്‍ മെസിയും റയലില്‍ സെർജിയോ റാമോസോ ഇല്ലാത്ത ആദ്യ എൽ ക്ലാസിക്കോയാണിത്. നിലവിൽ ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുടെ താരങ്ങളാണ് ഇരുവരും .