മാഡ്രിഡ് : സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയ്‌ക്ക് വീണ്ടും സമനിലക്കുരുക്ക്. ഒസാസുനയാണ് ബാഴ്‌സയെ 2-2ന് സമനിലയില്‍ തളച്ചത്. മത്സരത്തില്‍ ബാഴ്‌സയ്‌ക്ക് രണ്ട് തവണ ലീഡെടുക്കാനായെങ്കിലും ഒസാസുന ഒപ്പം പിടിച്ചു.
കളിയുടെ 12ാം മിനിട്ടില്‍ നിക്കോ ഗോൺസാലസാണ് ബാഴ്‌സയ്‌ക്കായി ആദ്യം ലക്ഷ്യം കണ്ടത്. ഗാവിയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. എന്നാല്‍ രണ്ട് മിനിട്ടുകള്‍ക്കകം ഒസാസുന തിരിച്ചടിച്ചു. ഡേവിഡ് ഗാർഷ്യയാണ് ഒസാസുനയെ ഒപ്പമെത്തിച്ചത്.
തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ (49ാം മിനിട്ട്) യുവതാരം അബ്‌ദെയിലൂടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. കൗണ്ടര്‍ അറ്റാക്കില്‍ ഒരു തകര്‍പ്പന്‍ വോളിയിലൂടെയാണ് 19കാരന്‍ വലകുലുക്കിയത്. ബാഴ്‌സയുടെ സീനിയര്‍ ടീമിനായുള്ള താരത്തിന്‍റെ ആദ്യ ഗോള്‍ നേട്ടം കൂടിയാണിത്.
also read: Ligue 1 : എംബാപ്പെയ്‌ക്ക് ഇരട്ട ഗോള്‍ ; മൊണോക്കോയെ തകര്‍ത്ത് പിഎസ്‌ജി കുതിപ്പ്
ലീഡെടുത്ത ബാഴ്‌സ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ ഒസാസുന നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. ഇതിന്‍റെ ഫലമായി 86ാം മിനിട്ടില്‍ സമനില പിടിക്കാനും സംഘത്തിനായി. പെനാള്‍റ്റി ബോക്സിന് പുറത്ത് നിന്നുമുള്ള അവിലയുടെ ഷോട്ടാണ് വലയില്‍ പതിച്ചത്.
മത്സരം സമനിലയിലായതോടെ ബാഴ്‌സ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത് തുടരുകയാണ്. 16 മത്സങ്ങളില്‍ ആറ് വീതം വിജയവും സമനിലയും നാല് തോല്‍വിയുമുള്ള സംഘത്തിന് 24 പോയിന്‍റാണുള്ളത്. 17 മത്സരങ്ങളില്‍ 22 പോയിന്‍റുള്ള ഒസാസുന 10ാം സ്ഥാനത്താണ്.