ഇന്ത്യക്കായി അണ്ടര്‍ 17 ലോകകപ്പില്‍ ബൂട്ട് കെട്ടിയ മലയാളി താരം കെ പി രാഹുൽ കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക്. ഐ ലീഗ് ക്ലബ്ബ് ഇന്ത്യൻ ആരോസിന്‍റെ താരമായിരുന്ന രാഹുൽ അടുത്ത സീസൺ മുതൽ ബ്ലാസ്റ്റേഴ്സിനായി കളിക്കും. ഈ സീസണില്‍ ഇന്ത്യൻ ആരോസിനായി മികച്ച പ്രകടനം നടത്തിയതാണ് രാഹുലിന് ഐ ലീഗില്‍ നിന്നും ഐഎസ്എല്ലിലേക്ക് വിളിയെത്താന്‍ കാരണം.
ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ അണ്ടര്‍ 17 താരമാണ് രാഹുല്‍. ധീരജ് സിങ്, ജെക്‌സന്‍ സിങ്, മുഹമ്മദ് റാകിപ്, നൊഹ്ദംബെ നവോറെ എന്നിവരെയാണ് ഇതിനു മുമ്പ് ഇന്ത്യന്‍ അണ്ടര്‍ 17 ടീമില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന രാഹുലിനെ സ്വന്തമാക്കാന്‍ കഴിഞ്ഞ സീസണില്‍ നിരവധി ഐഎസ്എല്‍ ടീമുകള്‍ ശ്രമിച്ചിരുന്നു. എന്നാൽ ആരോസിൽ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.
തൃശൂര്‍ സ്വദേശിയായ രാഹുല്‍ കഴിഞ്ഞ ഐ ലീഗ് സീസണില്‍ ഇന്ത്യന്‍ ആരോസിനായി 17 മത്സരങ്ങളില്‍ നിന്ന് രണ്ടു ഗോളും നേടിയിട്ടുണ്ട്. സൂപ്പര്‍കപ്പ് യോഗ്യതാ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച ടീമിലും രാഹുല്‍ ഉണ്ടായിരുന്നു.