മാഡ്രിഡ്: സൂപ്പർതാരം ലയണല്‍ മെസി ബാഴ്‌സലോണയില്‍ തുടരുമോ ഇല്ലയോ എന്നതാണ് ഫുട്‌ബോൾ ലോകത്തെ ഏറ്റവും വലിയ ചർച്ച. ബാഴ്‌സ മടുത്ത മെസി മറ്റേതെങ്കിലും ചേക്കേറുമെന്ന വാർത്തകൾ സജീവമായിരുന്നു. എന്നാല്‍ ബാഴ്‌സയ്ക്ക് മെസിയെ വേണം. അതുകൊണ്ട് തന്നെ ഫ്രീയായി മെസിയെ ക്ലബ് വിടാൻ ബാഴ്‌സ അനുവദിക്കില്ല. കരാർ പാലിക്കണമെന്നാണ് ബാഴ്‌സയുടെ നിലപാട്. 2021 ജൂൺ വരെ മെസിക്ക് ബാഴ്സയുമായി കരാറുണ്ട്. അത് പ്രകാരം 100 മില്യൺ യൂറോ വാർഷിക ശമ്പളവും 700 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസുമാണ് കരാറിലുള്ളത്. കരാർ ലംഘിച്ച് മെസി ബാഴ്‌സ വിടാൻ തീരുമാനിച്ചാല്‍ വലിയ തുക ക്ലബിന് നല്‍കേണ്ടി വരും. ഇതേ തുടർന്ന് ഇന്നലെ മെസിയുടെ അച്ഛൻ ജോർജ് മെസി ബാഴ്‌സലോണയിലെത്തി ചർച്ച നടത്തിയിരുന്നു.
ബാഴ്‌സ പ്രസിഡന്‍റ് ജോസഫ് ബെർതോമ്യുവുമായി നടത്തിയ ചർച്ചയില്‍ അന്തിമ തീരുമാനം ആയില്ലെങ്കിലും അച്ഛന്‍റെ നിലപാട് അംഗീകരിക്കാനാണ് മെസിയുടെ തീരുമാനം. 90 മിനിട്ടോളമാണ് മെസിയുടെ അച്ഛൻ ജോർജ് മെസി ഇന്നലെ നൗകാമ്പില്‍ ബാഴ്‌സ പ്രസിഡന്‍റുമായി ചർച്ച നടത്തിയത്. കരാർ ലംഘിച്ചാല്‍ കോടതി കയറേണ്ടി വരുമെന്നതിനാല്‍ തല്‍ക്കാലം ബാഴ്‌സയില്‍ തുടരാനാണ് മെസിയുടെ അച്ഛന്‍റെ തീരുമാനമെന്ന് അർജന്‍റീനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അങ്ങനെയെങ്കില്‍ 2021 ജൂൺ വരെ മെസി ബാഴ്‌സയില്‍ തുടരേണ്ടി വരും. മാഞ്ചസ്റ്റർ സിറ്റിയുമായും പരിശീലകൻ പെപ് ഗാർഡിയോളയുമായും ചർച്ചകൾ നടത്തിയിട്ടില്ലെന്നാണ് ഏറ്റവും ഒടുവില്‍ മെസിയുടെ അച്ഛൻ ജോർജ് മെസിയെ ഉദ്ധരിച്ച് അർജന്‍റീനൻ മാധ്യമങ്ങൾ നല്‍കുന്ന വാർത്തകൾ. അതേ സമയം, മെസി ഇനിയും ബാഴ്‌സയുടെ പരിശീലനത്തിലും കൊവിഡ് പരിശോധനകളിലും പങ്കെടുത്തിട്ടില്ല.