ഇംഫാല്‍: ഐ ലീഗില്‍ വിജയക്കുതിപ്പ് തുടര്‍ന്ന മോഹന്‍ ബഗാന്‍. നെരോക്ക എഫ്സിയുടെ സ്വന്തം മൈതാനമായ ഖുമാന്‍ ലപക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സന്ദര്‍ശകര്‍ ആതിഥേരെ തകര്‍ത്തത്. ലീഗ് പോയന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ മോഹന്‍ ബഗാന്‍ ഇന്നത്തെ ജയത്തോടെ രണ്ടാം സ്ഥാനക്കാരായ മിനര്‍വയുമായുള്ള പോയന്‍റ് വ്യത്യാസം ആറാക്കി ഉയര്‍ത്തി. നോങ്ഡംബ നവോറിം, പാപ്പ ഡൈവാര, കൊമ്രോണ്‍ തുര്‍സുനോവ് എന്നിവരാണ് മോഹന്‍ ബഗാനായി സ്‌കോര്‍ ചെയ്‌തത്.
തുടക്കം മുതലേ മോഹന്‍ ബഗാന്‍ ആക്രമിച്ച് കളിച്ചതോടെ നെരോക്ക പ്രതിരോധത്തിലായി. കുടുതല്‍ താരങ്ങളെ ബോക്‌സിന് സമീപം നിര്‍ത്തിയ നെരോക്ക പ്രതരോധ ഫുട്‌ബോള്‍ കളിച്ചു. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ 27 ാം മിനിട്ടിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. നെരോക്കയുടെ മൂന്ന് പ്രതിരോധ താരങ്ങളെ വെട്ടിച്ച് മുന്നേറിയ മാര്‍വിന്‍ ഫിലിപ്പ് നല്‍കിയ പാസ് നോങ്ഡംബ നവോറിം വലയ്ക്കുള്ളിലാക്കി. ഗോള്‍ വീണതോടെ ആവേശത്തിലായ മോഹന്‍ ബഗാന്‍ തുടര്‍ച്ചയായി നെരോക്കയുടെ പെനാല്‍ട്ടി ബോക്‌സിലെത്തി. എന്നാല്‍ പിന്നോട്ടിറങ്ങി കളിച്ച നെരോക്കെ മോഹന്‍ ബഹാന്‍ നീക്കങ്ങളെ തടഞ്ഞു.
53ാം മിനിട്ടില്‍ വീണ്ടും നോങ്ഡംബ നവോറിം. നെരോക്ക താരത്തിന്‍റെ കാലില്‍ നിന്നും തട്ടിയെടുത്ത പന്തുമായി മുന്നോട്ടോടിയ നവോറിമിനെ നെരോക്കന്‍ താരങ്ങള്‍ വളഞ്ഞു. തൊട്ടടുത്ത നിമിഷം കുറച്ചകലെ പോസ്‌റ്റിന് സമീപത്ത് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന പാപ്പ ഡൈവാരയിലേക്ക് നവോറിം പന്ത് കൈമാറി. മികച്ച പാസ് വലയിലാക്കാന്‍ ഡൈവാരയ്‌ക്ക് അധികം വിഷമിക്കേണ്ടി വന്നില്ല. മോഹന്‍ ബഗാന്‍റെ ലീഡ് ഉയര്‍ന്നു. അധികസമയത്തിന്‍റെ നാലാം മിനുട്ടില്‍ കൊമ്രോണ്‍ തുര്‍സുനോവ് നേടിയ ഗോളോടെ നെരോക്കോയുടെ പതനം പൂര്‍ണമായി.
ഒമ്പത് കളികളില്‍ നിന്ന് ആറ് ജയവും, രണ്ട് സമനിലയും, ഒരു തോല്‍വിയുമടക്കം 20 പോയന്‍റുള്ള മോഹന്‍ ബഗാന്‍ ലീഗില്‍ ഒന്നാമതും, എട്ട് കളികളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള നെരോക്ക എഫ്സി ലീഗില്‍ ആറാമതുമാണ്.