ലണ്ടന്‍: 2020 യൂറോ കപ്പിനായുള്ള യോഗ്യതാ മത്സരത്തില്‍ പ്രമുഖ ടീമുകള്‍ക്ക് വിജയം. ഇന്നലെ രാത്രി നടന്ന മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍ ടീമുകള്‍ ജയം സ്വന്തമാക്കി. ഇംഗ്ലണ്ട് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് ബള്‍ഗേറിയയെയും പോര്‍ച്ചുഗല്‍ രണ്ടിനെതിരെ നാല് ഗോളുകൾക്ക് സെര്‍ബിയയെയും തോല്‍പ്പിച്ചപ്പോള്‍ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് അല്‍ബേനിയയേയും പരാജയപ്പെടുത്തി.
വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹാരി കെയ്‌നിന്‍റെ ഹാട്രിക് ആണ് ഇംഗ്ലണ്ടിന്‍റെ ജയം എളുപ്പമാക്കിയത്. 24, 49, 73 മിനിറ്റുകളിലായിരുന്നു കെയ്‌നിന്‍റെ ഗോളുകൾ. കരുത്തര്‍ക്കെതിരെ പൊരുതാനാകാതെ ബള്‍ഗേറിയ കീഴടങ്ങുകയായിരുന്നു. 55-ാം മിനിറ്റില്‍ റഹീം സ്റ്റെർലിങ്ങിന്‍റെ വകയായിരുന്നു മറ്റൊരു ഗോൾ. ഈ ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ഒമ്പത് പോയിന്‍റോടെ ഗ്രൂപ്പ് എയില്‍ മുന്നിട്ടുനില്‍ക്കുകയാണ് ഇംഗ്ലണ്ട്.
സെര്‍ബിയക്കെതിരെ പോര്‍ച്ചുഗലും ആധികാരിക പ്രകടനമാണ് പുറത്തെടുത്തത്. വില്യം കാര്‍വാലോ(42), ഗോണ്‍സാലോ ഗ്യുഡെസ്(58), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(80), ബെര്‍ണാര്‍ഡോ സില്‍വ(86) എന്നിവര്‍ പോർച്ചുഗലിന് വേണ്ടി ഗോള്‍ നേടി.
ലോക ചാമ്പ്യൻമാരായ ഫ്രാന്‍സിന് അല്‍ബേനിയ എതിരാളികളേ ആയിരുന്നില്ല. കിങ്സ്ലി കോമാന്‍(എട്ട്, 68) ഫ്രാന്‍സിനായി ഇരട്ടഗോള്‍ നേടി. ഒളിവര്‍ ജിറൂഡ്(27), നാനിറ്റാമോ ഇക്കോണ്‍(85) എന്നിവരും ഫ്രാന്‍സിനായി വലകുലുക്കി.