ലണ്ടന്‍: ഇറ്റലിയുടെ യൂറോ കപ്പ് ഹീറോ ജിയാൻല്യൂജി ഡൊന്നരുമ്മ എസി മിലാന്‍ വിട്ടു. ക്ലബുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതോടെ പാരിസ് സെന്‍റ് ജര്‍മയ്‌നിലേക്ക് ചേക്കേറുന്നതിന് മുന്നോടിയായാണ് 22കാരന്‍ മിലാനോട് വിട പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില തീരുമാനങ്ങളെടുക്കുക ബുദ്ധിമുട്ടാണെന്നും എന്നാല്‍ അവ മനുഷ്യന്‍റെ വളര്‍ച്ചയുടെ ഭാഗമാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
''ഒരു മുതിര്‍ന്ന കുട്ടിയാവുന്ന സമയത്താണ് ഞാൻ മിലാനിലെത്തിയത്. എട്ട് വർഷമായി ഞാൻ അഭിമാനത്തോടെ ഈ കുപ്പായം ധരിച്ചു. വിജയത്തിലും പരാജയത്തിലും എല്ലായെപ്പോഴും ഞങ്ങള്‍ ഒന്നിച്ചായിരുന്നു. ഞങ്ങള്‍ ആരാധകരോടൊപ്പം ഒന്നിച്ച് ആഘോഷിക്കുകയും കരയുകയും ചെയ്തു. 16ാം വയസില്‍ സീരി എയില്‍ അരങ്ങേറ്റം നടത്താനായതുള്‍പ്പെടെ വ്യക്തിപരമായും ഈ കുപ്പായത്തില്‍ എനിക്ക് നേട്ടങ്ങളുണ്ടായി.
ഒരിക്കലും മറക്കാത്ത അസാധാരണമായ വർഷങ്ങളിലൂടെയാണ് ഞാൻ ജീവിച്ചത്. ഇപ്പോള്‍ വിട പറയാന്‍ സമയമായി. തീരുമാനം എടുക്കുകയെന്നത് അത്ര എളുപ്പമുള്ളതായിരുന്നില്ല. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഒരു കുറിപ്പ് പര്യാപ്തമല്ല. അല്ലെങ്കിൽ ഒരുപക്ഷേ അത് വിശദീകരിക്കാൻ പോലും കഴിയില്ല.
കാരണം ആഴത്തിലുള്ള വികാരങ്ങൾ വാക്കുകളിലേക്ക് വിവർത്തനം ചെയ്യാൻ കഴിയില്ല. വ്യത്യസ്തമായ വെല്ലുവിളികള്‍ നേരിടാനും നല്ല മാറ്റത്തിനും വേണ്ടിയാണ് ഈ തീരുമാനമെന്നതാണ് എനിക്ക് പറയാനുള്ളത്'' താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതേസമയം 2015ലാണ് ജിയാൻല്യൂജി മിലാനിലെത്തുന്നത്.
16 വയസും 242 ദിവസവും പ്രായമുള്ളപ്പോള്‍ സീരി എയില്‍ അരങ്ങേറ്റം നടത്തിയ ജിയാൻല്യൂജി, ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഗോള്‍ കീപ്പറെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 17 വയസും 28 ദിവസവും പ്രായമുള്ളപ്പോള്‍ ഇറ്റലിയുടെ അണ്ടര്‍ 21 ടീമില്‍ കളിച്ച താരം പ്രസ്തുത വിഭാഗത്തില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇറ്റാലിയന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി. ആറ് മാസങ്ങള്‍ക്ക് ശേഷം ഇറ്റലിക്കായി അന്താരാഷ്ട്ര തലത്തിലും താരം ബൂട്ട് കെട്ടി.