മാഡ്രിഡ്: രണ്ട് പതിറ്റാണ്ടോളം നീണ്ട ഫുട്ബോൾ കരിയറിൽ തനിക്കൊപ്പം കളിച്ചവരിൽ ഏറ്റവും മികച്ച താരം മുൻ ലിവർപൂൾ നായകൻ സ്റ്റീവൻ ജെറാർഡാണെന്ന് ഫെർണാണ്ടോ ടോറസ്. ദേശീയ ടീമായ സ്പെയിനിലും ക്ലബ്ബുകളായ ലിവര്‍പൂള്‍, ചെല്‍സി, അത്ലറ്റിക്കോ മഡ്രിഡ് തുടങ്ങിയ ടീമുകളിൽ ലോകോത്തര താരങ്ങള്‍ ടോറസിനൊപ്പം ബൂട്ടുകെട്ടി. എന്നാല്‍ തനിക്കൊപ്പം കളിച്ചവരില്‍ ഏറ്റവും മികച്ചയാൾ ജെറാർഡാണെന്നാണ് ടോറസ് വെളിപ്പെടുത്തിയിരിക്കുന്നത്.
ലിവര്‍പൂളില്‍ ടോറസിന്‍റെ നായകനും ക്ലബ്ബ് ഇതാഹസവുമായ സ്റ്റീവന്‍ ജെറാര്‍ഡാണ് ടോറസിന്‍റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച താരം. മൂന്നരവര്‍ഷം ജെറാര്‍ഡും ടോറസും ലിവര്‍പൂളില്‍ ഒന്നിച്ചു കളിച്ചു. അക്കാലത്തെ ഏറ്റവും മികച്ച അറ്റാകിംഗ്- മിഡ്ഫീല്‍ഡ് ദ്വയമായിരുന്നു ഇവര്‍. ജെറാര്‍ഡിനൊപ്പം കളിക്കുമ്പോള്‍ തന്‍റെ പ്രകടന മികവ് വേറെ തലത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്ന് താരം പറഞ്ഞു. ലിവര്‍പൂളിനായി 142 മത്സരങ്ങളില്‍ നിന്ന് 81 ഗോളുകള്‍ സ്പാനിഷ് താരമായ ടോറസ് നേടിയിട്ടുണ്ട്. ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ടോറസ്, ഓഗസ്റ്റ് 22-ന് അവസാന മത്സരം കളിക്കും. ജാപ്പനീസ് ലീഗിലെ സാഗന്‍ ടോസു താരമായ ടോറസ് സഹതാരമായിരുന്ന ഇനിയേസ്റ്റ കളിക്കുന്ന വിസല്‍ കോബിനെയാണ് അവസാനമായി നേരിടുക.