മലപ്പുറം: ലോകത്ത് എവിടെ ഫുട്‌ബോൾ മത്സരം നടന്നാലും അത് മലപ്പുറത്തുകാർക്ക് ആഘോഷമാണ്. കാരണം ഫുട്‌ബോൾ എന്നത് അവർക്ക് ജീവ ശ്വാസത്തിന്‍റെ ഭാഗമാണ്. അതോടെ ലാറ്റിനമേരിക്കയും യൂറോപ്പും ആഫ്രിക്കയും മാത്രമല്ല, ലോകത്തെ ഏത് ഫുട്‌ബോൾ ടീമും മലപ്പുറത്തിന്‍റെ ഹൃദയത്തുടിപ്പാകും. രാത്രികൾ പകലാക്കി അവർ മത്സരങ്ങൾക്കൊപ്പം ആർപ്പു വിളിക്കും. ഇഷ്ട ടീമുകളുടെ ബാനറുകളും പോസ്റ്ററുകളുമായി പകലുകൾ അവർ ആഘോഷിക്കും.
കൊവിഡിലും ചോരാത്ത ആവേശം
അപ്രതീക്ഷിതമായി ലോകത്തെ ഭീതിയിലാക്കിയ കൊവിഡില്‍ കാല്‍പ്പന്തിന്‍റെ ആവേശം നഷ്ടമായെങ്കിലും ലാറ്റിനമേരിക്കയിലും യൂറോപ്പിലും വീണ്ടും ഫുട്‌ബോൾ വസന്തം വിരുന്നെത്തിയത് മലപ്പുറത്തെ ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മലപ്പുറത്തുകാർക്ക് അവരുടെ ജീവന്‍റെ ഭാഗമായ ഫുട്‌ബോളിനെ കൈവിടാനാകില്ല.
കോപ്പ അമേരിക്കയും യൂറോ കപ്പും കളം നിറയുമ്പോള്‍ കൊവിഡ് ഭീതിയിലും ആവേശം വീടുകൾക്കുള്ളിലേക്ക് ഒതുങ്ങിയെന്ന് മാത്രം. ലോകം ഒരു പന്തിന് പിന്നാലെ പായുമ്പോഴുള്ള ആവേശം ഒരുമിച്ചിരുന്ന് ആസ്വദിക്കാനുള്ള അവസരം നഷ്‌മായതിന്‍റെ നിരാശയിലാണ് ആരാധകര്‍.
എങ്കിലും ലോകം വീണ്ടും പഴയ രൂപത്തിലേക്ക് മാറുകയും സ്റ്റേഡിയങ്ങൾ തുറക്കുകയും മത്സരങ്ങൾ തുടങ്ങുകയും ചെയ്തതിന്‍റെ സന്തോഷം മലപ്പുറത്തെ ആരാധകർ മറച്ചുവെയ്ക്കുന്നില്ല.
Also Read: 'മാസ്‌കില്ലാതെ പറ്റില്ല' യൂറോയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനം