കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗിനിന്‍റെ ആറാം പതിപ്പ് നാളെ കൊച്ചിയില്‍ ആരംഭിക്കും. രാത്രി 7.30-ന് നടക്കുന്ന ഉദ്‌ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്സും എടികെയും ഏറ്റുമുട്ടും. ജവഹർലാല്‍ നെഹ്രു സ്‌റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങിന് വന്‍ താരനിരയാണ് അണിനിരക്കുക. സിനിമാ താരം ദുല്‍ഖര്‍ സല്‍മാനാണ് അവതാരകന്‍. ടൈഗർ ഷറോഫ്, ദിഷ പട്ടാണി, ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപെട്ട സൗരവ് ഗാംഗുലി ഉൾപ്പടെയുള്ള പ്രമുഖർ പരിപാടിയുടെ ഭാഗമാകും.
ചില മാറ്റങ്ങളുമായാണ് ഐഎസ്എല്‍ ഇത്തവണ ആരംഭിക്കുന്നത്. ജേതാക്കൾക്ക് ഏഷ്യയിലെ ഒന്നാം നിര ക്ലബ് ചാമ്പ്യന്‍ഷിപ്പായ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ പ്ലേഓഫില്‍ കളിക്കാം. 10 സംസ്ഥാനങ്ങളില്‍ നിന്നായി 10 ടീമുകളാണ് ഇത്തവണ കളത്തിലുറങ്ങുക. അഞ്ചാം സീസണില്‍ മത്സര രംഗത്തുണ്ടായിരുന്ന ഡല്‍ഹിയും പൂനെയും ഒഴികെയുള്ള ടീമുകൾ ഇത്തവണയും കളത്തിലുണ്ട്. പൂനെ സ്റ്റി എഫ്സിക്ക് പകരം ഹൈദരാബാദ് എഫ്സിയും ഡല്‍ഹി ഡൈനാമോസിന് പകരം ഒഡീഷ എഫ്സിയുമാണ്ഇത്തവണ മത്സര രംഗത്തുണ്ടാവുക.
കഴിഞ്ഞ സീസണില്‍ മോശം പ്രകടനത്തിന്‍റെ പേരില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. അഞ്ച് സീസണില്‍ രണ്ട് തവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം നേടാന്‍ ബ്ലാസ്‌റ്റേഴ്സിന് സാധിച്ചിരുന്നില്ല. ഈ സീസണ്‍ തിരിച്ചുവരവിന്‍റേതാകുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്‌റ്റേഴ്സും ആരാധകരും. കഴിഞ്ഞ സീസണില്‍ കണ്ട ബ്ലാസ്‌റ്റേഴ്സിനെയാവില്ല ഇത്തവണ കളിക്കളത്തില്‍ കാണുകയെന്ന് കോച്ച് എല്‍കോ ഷെല്‍ട്ടോരി പറഞ്ഞു. ബംഗളൂരു എഫ്സിയാണ് നിലവിലെ ഐഎസ്എല്‍ ചാമ്പ്യന്‍മാർ.