2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി ഫിഫ. ഇപ്പോൾ 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്തുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റീനോ സൂചനകള്‍ നല്‍കി. ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നത് പ്രയോഗികമായ കാര്യമാണെന്ന് പഠനങ്ങള്‍ക്ക് ശേഷം വ്യക്തമായതായി അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പാരീസില്‍ ജൂണ്‍ അഞ്ചിന് നടക്കുന്ന 69ാമത് ഫിഫ കോണ്‍ഗ്രസില്‍ വോട്ടെടുപ്പിലൂടെയാവും ഇക്കാര്യം തീരുമാനിക്കുക. വോട്ടെടുപ്പ് അനുകൂലമായാല്‍ 2022ലെ ഖത്തര്‍ ലോകപ്പില്‍ 48 രാജ്യങ്ങള്‍ പങ്കെടുക്കും. വോട്ടെടുപ്പ് അനുകൂലമായാൽ ഖത്തര്‍ ലോകകപ്പാകും ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ലോകകപ്പ്. സമീപ രാജ്യങ്ങളിലും മത്സരങ്ങള്‍ നടത്തുന്ന രീതിയിലാകും ടൂർണമെന്‍റ് നടത്തുക. ടീമുകളുടെ എണ്ണം ഉയര്‍ത്തുന്നത് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.
നേരത്തെ 2026ലെ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 32ല്‍ നിന്ന് 48 ആക്കി വര്‍ധിപ്പിക്കാമെന്ന് ഫിഫ തീരുമാനിച്ചിരുന്നു. എന്നാല്‍ 2022ലെ ലോകകപ്പില്‍ ഇത് സാധ്യമാകുമോയെന്ന് അന്വേഷിച്ച് 10 സൗത്ത് അമേരിക്കന്‍ അസോസിയേഷനുകള്‍ നല്‍കിയ അപേക്ഷയിലാണ് ഇപ്പോഴത്തെ നടപടികള്‍.