ലണ്ടന്‍: ലോകകപ്പിലെ തോല്‍വിക്ക് ക്രോയേഷ്യയോട് പകരംവീട്ടി ഇംഗ്ലണ്ട്. വിംബ്ലിയില്‍ നടന്ന യൂറോ കപ്പ് പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ഇംഗ്ലണ്ട് ജയിച്ചു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം വിങ്ങര്‍ റഹീം സ്റ്റര്‍ലിങ്ങിലൂടെയാണ് ആതിഥേയര്‍ വിജയ ഗോള്‍ കണ്ടെത്തിയത്. 57-ാം മിനിട്ടില്‍ മിഡ്‌ഫീല്‍ഡര്‍ കെല്‍വിന്‍ ഫിലിപ്പിന്‍റെ അസിസ്റ്റിലായിരുന്നു ഗോള്‍. 2018ലെ ലോകകപ്പ് സെമി ഫൈനലിലെ തോല്‍വിക്കുള്ള മധുരപ്രതികാരമായി വിംബ്ലിയിലെ ജയം മാറി.
അന്താരാഷ്‌ട്ര ഫുട്ബോളില്‍ സ്റ്റര്‍ലിങ്ങിന്‍റെ ആദ്യ ഗോളാണിത്. കളിയിലെ താരമായും സ്റ്റര്‍ലിങ്ങിനെ തെരഞ്ഞെടുത്തു. ഇഞ്ചോടിഞ്ച് പോരാട്ടം ഇരുവരും കാഴ്‌ചവെച്ച മത്സരത്തില്‍ രണ്ട് വീതും ഷോട്ടുകള്‍ ഇരു ഗോള്‍ മുഖങ്ങളിലും എത്തി. മത്സരത്തില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനമാണ് മിഡ്‌ഫീല്‍ഡില്‍ കെല്‍വിന്‍ ഫിലിപ്പ് പുറത്തെടുത്തത്.
Also read: കാല്‍പന്തിന്‍റെ ലോകം കാത്തിരിക്കുന്നു; എറിക്‌സണ്‍ തിരിച്ചുവരും
ആദ്യ പകുതിയില്‍ മിഡ്‌ഫീല്‍ഡിലെ ശക്തമായ പിന്തുണയുമായി കളിച്ച ഇംഗ്ലണ്ടിന് വേണ്ടി ഫില്‍ ഫോഡലും റഹീം സ്റ്റര്‍ലിങ്ങും ഹാരിക കെയിനും മേസണ്‍ മൗണ്ടും നിരന്തരം ആക്രമിച്ച് കളിച്ചു. അതേസമയം ആദ്യ പകുതിയില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ പോയ ക്രോയേഷ്യ രണ്ടാം പകുതിയില്‍ ഫോമിലേക്ക് ഉയര്‍ന്നെങ്കിലും ഒരു ഗോള്‍ പോലും കണ്ടെത്താന്‍ സാധിക്കാതെ പോയി.