മ്യൂണിച്ച്: യൂറോ കപ്പില്‍ ബുധനാഴ്ച നടക്കുന്ന ഗ്രൂപ്പ് എഫിലെ ഹംഗറിയുടെ അവസാന മത്സരത്തിനിടെ അലിയൻസ് അറീനയില്‍ മഴവില്‍ നിറങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള മ്യൂണിച്ചിലെ സിറ്റി കൗൺസിലിന്‍റെ അപേക്ഷ യുവേഫ നിരസിച്ചു. രാഷ്ട്രീയ കാര്യങ്ങളിൽ നിഷ്പക്ഷത പാലിക്കാനാണ് അപേക്ഷ നിരസിച്ചതെന്ന് യുവേഫ പ്രസ്താവനയില്‍ അറിയിച്ചു.
"വംശീയത, ഹോമോഫോബിയ, ലിംഗ വിവേചനം തുടങ്ങിയവ സമൂഹത്തെ ബാധിച്ച കറയാണെന്നും ഇന്ന് ഫുട്ബോള്‍ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നുമാണെന്നും" യുവേഫ പ്രസ്താവനയില്‍ പറഞ്ഞു. സ്വവര്‍ഗ രതി, ലിംഗ മാറ്റം എന്നിവയെ സ്കൂളുകളിലൂടെ പ്രോത്സാഹിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഹംഗറി പാര്‍ലമെന്‍റ് നിയമം പാസാക്കിയതിന്‍റെ പശ്ചാത്തലത്തിലാണ് യുവേഫയ്ക്ക് സിറ്റി കൗൺസില്‍ അപേക്ഷ നല്‍കിയിരുന്നത്.
also read: 'വാക്‌സിനെടുത്തില്ലെങ്കില്‍ ലോകകപ്പിന് പ്രവേശനമില്ല' ; ഫുട്ബോള്‍ ആരാധകരോട് ഖത്തര്‍ പ്രധാനമന്ത്രി
അതേസമയം ഫ്രാൻസിനും പോർച്ചുഗലിനുമെതിരായ മത്സരത്തിനിടെ ജർമ്മനി ഗോൾകീപ്പറും ക്യാപ്റ്റനുമായ മാനുവൽ ന്യൂയര്‍ മഴവില്‍ നിറത്തിലുള്ള ആംബാന്‍റ് ധരിച്ചതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തിങ്കളാഴ്ച യുവേഫ നിർത്തിവച്ചിരുന്നു. ലൈംഗികന്യൂനപക്ഷത്തിന് (എൽജിബിടി) ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് താരം മഴവില്‍ ബാന്‍റ് പ്രദര്‍ശിപ്പിച്ചത്.