യൂറോ കപ്പ് യോഗ്യതാ റൗണ്ടിൽ ബെൽജിയത്തിന് ജയം. റഷ്യയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബെൽജിയം തോൽപ്പിച്ചത്. 14-ാം മിനിറ്റിൽ യൂറി ടീലെമൻസിലൂടെ ബെൽജിയം മുന്നിലെത്തി. എന്നാൽ രണ്ട് മിനിറ്റിനകം ഡെനിസ് ചെറിഷേവ് സമനില ഗോൾ നേടി. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ഈഡൻ ഹസാർഡ് പെനാൽറ്റിയിലൂടെ ബെല്‍ജിയത്തെ വീണ്ടും മുന്നിലെത്തിച്ചു. 88-ാം മിനിറ്റിൽ ബെൽജിയത്തിന്‍റെ ജയം ഉറപ്പിച്ചുകൊണ്ട് ഹസാർഡ് മൂന്നാം ഗോളും നേടി.
യോഗ്യതാ റൗണ്ടിലെ മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യഅസർബൈജാനെഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി. 19-ാം മിനിറ്റിൽ റമിൽ ഷെയ്ധയേവിലൂടെ അസർബൈജാൻ ലീഡ് നേടിയെങ്കിലും 44-ാം മിനിറ്റിൽ ബോർണ ബാരിസിചിലൂടെ ക്രൊയേഷ്യ ഗോൾ മടക്കി. ആദ്യ പകുതിയിൽ ഇരു ടീമും ഒപ്പത്തിനൊപ്പം നിന്നപ്പോൾ രണ്ടാം പകുതിയിൽ ലോകകപ്പ് റണ്ണേഴ്സപ്പ് മികച്ചു നിന്നു. 79-ാം മിനിറ്റിൽ ആൻഡ്രേജ് ക്രമാരിചിലൂടെ ക്രൊയേഷ്യ വിജയഗോൾ നേടി.
നെതർലാന്‍റിസിനും യോഗ്യതാ റൗണ്ടിൽ ജയത്തോടെ തുടങ്ങാനായി. ബലാറാസിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഓറഞ്ച് പട തകർത്തത്. കളിയിൽ മെംഫിസ് ഡീപെയുടെ പ്രകടനമാണ് അവർക്ക് അനായാസ ജയമൊരുക്കിയത്.