ലണ്ടൻ: യൂറോ കപ്പ് സെമി ഫൈനല്‍ മത്സരത്തിനിടെ ഡെൻമാർക്ക് ഗോൾകീപ്പർ കാസ്‌പർ ഷ്‌മൈക്കലിന്‍റെ മുഖത്തേക്ക് ഇംഗ്ലണ്ട് ആരാധകർ ലേസർ പ്രയോഗം നടത്തിയ സംഭവത്തിൽ ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന് യുവേഫ പിഴ വിധിച്ചു. 30,000 യൂറോ (ഏകദേശം 26 ലക്ഷത്തിലേറെ രൂപ) ആണ് യുവേഫ പിഴ ചുമത്തിയിരിക്കുന്നത്.
മത്സരത്തിന്‍റെ അധിക സമയയത്ത് ഇംഗ്ലണ്ടിന് പെനാല്‍റ്റി ലഭിച്ചിരുന്നു. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ എടുത്ത പെനാല്‍റ്റി നേരിടാന്‍ കാസ്പർ തയ്യാറെടുക്കുന്നതിനിടെയാണ് താരത്തിന്‍റെ മുഖത്ത് കാണികളിലൊരാള്‍ ലേസര്‍ പ്രയോഗം നടത്തിയത്.
സ്പോട് കിക്ക് കാസ്പർ സേവ് ചെയ്തെങ്കിലും റീബൗണ്ടിലൂടെ പന്ത് വലയിലെത്തിച്ച് ഹാരി കെയ്ൻ ഇംഗ്ലീഷ് ടീമിനെ വിജയത്തിലെത്തിച്ചു. മത്സരത്തിനു മുമ്പ് ഡെൻമാർക്ക് ദേശീയ ഗാനം മുഴങ്ങിയപ്പോൾ ഇംഗ്ലിഷ് ആരാധകർ കൂവിയെന്നും പരാതിയുണ്ടായിരുന്നു.