കോപ്പൻഹേഗൻ : ക്രിസ്റ്റ്യന്‍ എറിക്‌സൺ കുഴഞ്ഞുവീണതുണ്ടാക്കിയ നടുക്കത്തിന് പിന്നാലെ പുനരാരംഭിച്ച മത്സരത്തില്‍ ഡെന്‍മാര്‍ക്കിന് തോല്‍വി. യൂറോ കപ്പിൽ ഫിൻലാൻഡിനെതിരായ മത്സരത്തിൽ ഏതിരില്ലാത്ത ഒരു ഗോളിനാണ് പരാജയം. അതേസമയം യൂറോ കപ്പില്‍ ആദ്യമായിറങ്ങിയ ഫിന്‍ലാന്‍ഡ് പ്രഥമമത്സരം വിജയിച്ച് പ്രവേശനം ഗംഭീരമാക്കി.
മത്സരത്തിന്‍റെ തുടക്കം മുതൽ കൃത്യമായ ആധിപത്യം പുലർത്തിയ ഡെൻമാർക്ക് നിരവധി ഗോളവസരങ്ങൾ സൃഷ്‌ടിച്ചെങ്കിലും നിർഭാഗ്യം പല തവണ വേട്ടയാടി. ഫിനിഷിങ്ങിലെ പാളിച്ച മൂലം ഒരു ഗോളവസരം പോലും വലയിലെത്തിക്കാൻ ഡെൻമാർക്ക് താരങ്ങൾക്കായില്ല.
ഇതിനിടെയാണ് ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിട്ട് ശേഷിക്കെ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കളിക്കളത്തില്‍ കുഴഞ്ഞുവീണത്. അതോടെ കളി ഒരു മണിക്കൂറോളം നിർത്തിവച്ചു. എറിക്‌സണിന്‍റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് മത്സരം പുനരാരംഭിച്ചത്.
Read more: ഡാനിഷ് മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണിന്‍റെ ആരോഗ്യ നില തൃപ്തികരം; യുവേഫ
എന്നാല്‍ ഡെന്‍മാര്‍ക്ക് താരങ്ങൾ മാനസികമായി മാത്രമല്ല ശാരീരികമായും തളർന്നിരുന്നു. ഇത് പിന്നീടങ്ങോട്ട് കളിയിലുടനീളം നിഴലിച്ചു. ഫിൻലാൻഡ് താരം ജോൽ പൊയന്‍പാലോ 59-ാം മിനിട്ടിൽ ഡെന്‍മാര്‍ക്കിന്‍റെ വല കുലുക്കി. ജെര്‍ ഉറോനന്‍ നല്‍കിയ ക്രോസ് ഏറ്റുവാങ്ങി ഗോൾകീപ്പർ കാസ്‌പർ ഷ്മൈക്കളിനെ കബളിപ്പിച്ചാണ് പൊയാന്‍പാലോ ഗോൾ തൊടുത്തത്.
പക്ഷേ തിരിച്ചടിക്കാനുള്ള അവസരം ഡെൻമാർക്കിന് കൈവന്നെങ്കിലും അവർക്കതിന് സാധിച്ചില്ല. പിയറാ-എമിൽ ഹോജ് ബര്‍ഗ് എടുത്ത പെനാള്‍ട്ടി കിക്ക് ഗോളായില്ല. പന്ത് ഭദ്രമായി കൈപ്പിടിയിലാക്കി ഗോള്‍ കീപ്പര്‍ റാഡെസ്‌കി ഡെന്‍മാര്‍ക്കിന്‍റെ നീക്കം വിഫലമാക്കി.