മാഡ്രിഡ് : കൊവിഡ് സ്ഥിരീകരിച്ച സ്കോട്ട്ലൻഡിന്റെ ബില്ലി ഗില്മറുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഇംഗ്ലണ്ടിന്റെ ബെൻ ചിൽവെൽ, മേസൺ മൗണ്ട് എന്നിവര്‍ ചെക്ക് റിപ്പബ്ലിക്കുമായുള്ള മത്സരത്തിനുള്ള സ്ക്വാഡില്‍ നിന്നും പുറത്ത്. ഇംഗ്ലണ്ട് ഫുട്ബോളാണ് ചൊവ്വാഴ്ച ഇക്കാര്യം അറിയിച്ചത്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി താരങ്ങള്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നും ഇംഗ്ലണ്ട് ഫുട്ബോള്‍ വ്യക്തമാക്കി. അതേസമയം ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മൂന്ന് ദിവസത്തിന് ശേഷമാണ് സ്കോട്ട്ലൻഡിന്റെ ബില്ലി ഗില്‍മറിന് കൊവിഡ് സ്ഥിരീകരിച്ചത്.
also read: ഇംഗ്ലണ്ടിനെ വിറപ്പിച്ച് ഹീറോയായി പിന്നാലെ കൊവിഡും, ഗില്മർ നിരീക്ഷണത്തില്‍
കഴിഞ്ഞ വെള്ളിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട്- സ്കോട്ട്ലൻഡ് മത്സരം നടന്നത്. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ ചെല്‍സി താരത്തെ ക്ലബ്ബിലെ സഹതാരങ്ങളായ ഇംഗ്ലണ്ട് കളിക്കാര്‍ അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു.
ഇനിയും പ്രീക്വാർട്ടർ യോഗ്യത നേടാത്ത ഇംഗ്ലണ്ടിന് ഇരു താരങ്ങളുടേയും അഭാവം വെല്ലുവിളിയാകും. അതേസമയം ഞായറാഴ്ച നടത്തിയ കൊവിഡ് പരിശോധനയില്‍ ഇംഗ്ലണ്ടിന്റെ 26 താരങ്ങളുടെയും ഫലം നെഗറ്റീവാണെന്ന് യുവേഫ അറിയിച്ചിരുന്നു.