ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ ശനിയാഴ്‌ച രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് വ്യത്യസ്ത ക്ലബുകളില്‍ നിന്നുള്ളവർക്കാണ് രോഗം ബാധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ ഇപിഎല്ലില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം എട്ടായി.
പ്രീമിയർ ലീഗില്‍ മെയ് 19, 21, 22 തീയതികളിൽ 996 കളിക്കാരെയും ക്ലബ് സ്റ്റാഫുകളെയും കൊവിഡ് 19 ടെസ്റ്റിന് വിധേയരാക്കിയിരുന്നു. ഇതില്‍ രണ്ട് പേർക്ക് കൂടിയാണ് ഇപ്പോൾ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി വൈറസ് സ്ഥിരീകരിച്ചവർ ഉൾപ്പെടെ എല്ലവരും ഏഴ് ദിവസം സ്വയം ഐസൊലേഷന്‍ പ്രവേശിച്ചു. അതേസമയം ഇപിഎല്ലില്‍ രണ്ടാം റൗണ്ട് കൊവിഡ് 19 ടെസ്റ്റ് സംഘടിപ്പിക്കും. ഇതില്‍ ഓരോ ക്ലബില്‍ നിന്നും 50 പേരെ വരെ ഉൾപ്പെടുത്തും.
ബേണ്‍ലിയില്‍ നിന്നും ഒരാളും വാറ്റ്‌ഫോർഡില്‍ മൂന്ന് പേരും ഉൾപ്പെടെ നേരത്തെ ആറ് പേർക്കാണ് ഇപിഎല്ലില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാർഡ് മാസ്റ്റേഴ്‌സ് ജൂണ്‍ മധ്യത്തോടെ പ്രീമിയർ ലീഗ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. നിലവില്‍ കൊവിഡ് 19 കാരണം ഇപിഎല്‍ മത്സരങ്ങൾ അനിശ്ചിതമായി മാറ്റിവെച്ചിരിക്കുകയാണ്.