ലണ്ടന്‍: ഇംഗ്ലണ്ട് വിംഗർ ജാദോൺ സാഞ്ചോയെ ടീമിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 73 മില്യൺ പൗണ്ടിനാണ് ജര്‍മ്മന്‍ ക്ലബായ ബോറുസിയ ഡോർട്മുണ്ടിൽ നിന്നും സാഞ്ചോ യുണൈറ്റഡ് സ്വന്തമാക്കിയത്. 2026 ജൂൺ വരെയാണ് കാലാവധിയെങ്കിലും ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാനാവുന്ന തരത്തിലാണ് കരാറുള്ളത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാനുള്ള അവസരം ഒരു സ്വപ്ന സാക്ഷാത്കാരമാണെന്നാണ് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ജാദോൺ സാഞ്ചോ പ്രതികരിച്ചത്. 'ആദ്യ ടീം ഫുട്ബോൾ കളിക്കാൻ എനിക്ക് അവസരം നൽകിയതിന് ഡോർട്മുണ്ടിനോട് ഞാൻ എല്ലായ്പ്പോഴും നന്ദിയുള്ളവനായിരിക്കും, എന്നിരുന്നാലും ഒരു ദിവസം ഞാൻ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്ന് എനിക്കറിയാമായിരുന്നു.
also read: ടോക്കിയോ ഒളിമ്പിക്‌സ് രണ്ടാം ദിവസം; ഇന്ത്യൻ മത്സരങ്ങളുടെ ഷെഡ്യൂള്‍ അറിയാം...
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചേരാനുള്ള അവസരം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. പ്രീമിയർ ലീഗില്‍ ബൂട്ടുകെട്ടാന്‍ ഇനിയും കാത്തിരിക്കാനാവില്ല. ചെറുപ്പക്കാരുടെ ആവേശകരമായ ഒരു സംഘമാണ് യുണൈറ്റഡിലുള്ളത്. ഞങ്ങള്‍ക്കൊരുമിച്ച്, ആരാധകർക്ക് അർഹമായ വിജയം കൈവരിക്കുന്നതിനായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്'. സാഞ്ചോ പറഞ്ഞു.
അതേസമയം ജര്‍മ്മന്‍ ക്ലബിനായി നാല് വര്‍ഷം ബൂട്ടുകെട്ടിയ 21 കാരനായ സാഞ്ചോ 137 മത്സരങ്ങളില്‍ നിന്നായി 64 അസിസ്റ്റുകളോടൊപ്പം 50 ഗോളുകളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ സീസണിന് മുന്നോടിയായി ഒലെ ഗുന്നാർ സോൾഷ്യറിന്‍റെ സംഘം ടീമിനലെത്തിക്കുന്ന രണ്ടാമത്തെ താരമാണ് സാഞ്ചോ. നേരത്തെ ഗോള്‍ കീപ്പര്‍ ടോം ഹീറ്റനെ ക്ലബ് ടീമിലെത്തിച്ചിരുന്നു. ആസ്റ്റണ്‍ വില്ലയില്‍ നിന്നാണ് 35 കാരനായ താരത്തെ മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്. നേരത്തെ 2002 മുതല്‍ 2010 വരെ ടീമിന്‍റെ ഭാഗമായിരുന്ന താരം കൂടിയാണ് ഹീറ്റന്‍.