റിയാദ്: 2030-ലെ ഏഷ്യന്‍ ഗെയിംസിന് വേദിയാവാന്‍ അയല്‍ രാജ്യങ്ങളായ സൗദി അറേബ്യയും ഖത്തറും രംഗത്ത്. ഇരു രാജ്യങ്ങളും ഇതിനായി അപേക്ഷ സമര്‍പ്പിച്ചു. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയുടെ തലസ്ഥാനമായ റിയാദും ഖത്തറിന്‍റെ തലസ്ഥാനമായ ദോഹയുമാണ് ഗെയിംസിന്‍റെ വേദിക്കായി അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഏപ്രില്‍ 22 ആയിരുന്നു.
സര്‍ക്കാരിന്‍റെ പിന്തുണ കാണിച്ചു കൊണ്ടുള്ള കത്തിനോടൊപ്പമാണ് സൗദിയിലെയും ഖത്തറിലെയും ദേശീയ ഒളിമ്പിക് കമ്മിറ്റികൾ അപേക്ഷ നല്‍കിയത്. 2022-ലെ ഫുട്‌ബോൾ ലോകകപ്പ് ഖത്തറിലാണ് നടക്കുക. 2030ലെ ഗെയിംസിനായി വളരെ കരുത്തുറ്റ രണ്ടു അപേക്ഷകളാണ് ലഭിച്ചതെന്ന് ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ പ്രസിഡന്‍റ് ഷെയ്ഖ് അഹമ്മദ് അല്‍ ഫഹദ് അല്‍ സബാ പറഞ്ഞു. ഏഷ്യയിലെ ഒളിമ്പിക് മൂവ്‌മെന്‍റില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം തന്നെയാണ് ഇരു രാജ്യങ്ങളുടെയും കടന്നുവരവ് തെളിയിക്കുന്നത്. വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ കൂടുതല്‍ വിപുലമായ രീതിയില്‍ നടത്താന്‍ സാധിക്കുമെന്ന തങ്ങളുടെ ഖ്യാതി ഇതോടെ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഈ നീക്കത്തിന് എതിരെ മുന്നറിയിപ്പുമായി ആംനസ്റ്റി ഇന്‍റർനാഷണല്‍ ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്ത് വന്നു. ഇരു രാജ്യങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായാണ് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നത്. 2022 ലോകകപ്പിനുള്ള സ്റ്റേഡിയം നിർമിക്കാന്‍ കുടിയേറ്റ തൊഴിലാളികളെ ഉപയോഗിച്ചതായി ആരോപണം ഉയർന്നിരുന്നു. അനുകൂല സാഹചര്യത്തിലല്ല തൊഴിലാളികൾ പണയെടുത്തതെന്നും അവർ ആരോപിച്ചു. വനിതകൾക്കും ഭിന്നലംഗത്തില്‍പെട്ട മത്സരാർഥികള്‍ക്കും തടസം കൂടാതെ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമൊ എന്ന കാര്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യം ഉയരുന്നുണ്ട്.