ബാകു: ഡെൻമാർക്ക് സ്വപ്‌നം കാണുകയാണ്, യൂറോ കപ്പ് കിരീടം എന്ന മനോഹര സ്വപ്‌നം. ഫുട്‌ബോളിനെ ഹൃദയത്തില്‍ സ്വീകരിക്കുന്ന യൂറോപ്പിലെ കുഞ്ഞു രാജ്യത്തിന് ഇത്തവണ യൂറോ കപ്പ് കിരീടം എന്നതില്‍ കുറഞ്ഞൊരു സ്വപ്‌നമില്ല.
ഒരു രാജ്യം ഒരേ ഒരു എറിക്‌സൺ
ജൂൺ 12ന് പുലർച്ചെ കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തില്‍ യൂറോകപ്പ് ഗ്രൂപ്പ് മത്സരം പുരോഗമിക്കുന്നു. ഡെൻമാർക്കിനെ നേരിടുന്നത് ഫിൻലൻഡ്. മത്സരത്തിനിടെ ഡെൻമാർക്കിന്‍റെ മധ്യനിര താരം ക്രിസ്ത്യൻ എറിക്‌സൺ കുഴഞ്ഞുവീഴുന്നു. നായകൻ സിമൺ കെയർ ഓടിയെത്തി പരിശോധിച്ചു. ശ്വാസം നിലച്ചതാണെന്ന് കണ്ടതോടെ റഫറി അടിയന്തര മെഡിക്കല്‍ സേവനത്തിന് ആവശ്യപ്പെടുന്നു. പിന്നീടുണ്ടായത് ലോകം വേദനയോടും പ്രാർഥനയോടും കണ്ടതാണ്. ഡെൻമാർക്കിന്‍റെ മധ്യനിരയില്‍ മാത്രമല്ല, അവർക്ക് എല്ലാമെല്ലാമാണ് ക്രിസ്ത്യൻ എറിക്‌സൺ.
ആ മത്സരത്തില്‍ അവർ ഫിൻലൻഡിനോട് ഒരു ഗോളിന് പരാജയപ്പെട്ടു. എറിക്‌സൺ കുഴഞ്ഞുവീഴുന്നത് കണ്ടു നിന്ന ഡാനിഷ് ടീമിന് ആ മത്സരവും അന്നത്തെ തോല്‍വിയും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. രണ്ടാം മത്സരത്തില്‍ എതിരാളികൾ കരുത്തരായ ബെല്‍ജിയം. ഒന്നിന് എതിരെ രണ്ട് ഗോളിന് പരാജയം. പക്ഷേ ഡാനിഷ് പോരാളികൾ മനസൊരുക്കുകയായിരുന്നു.
തൊട്ടടുത്ത ദിവസം ആശുപത്രി കിടക്കയില്‍ നിന്ന് എറിക്‌സണിന്‍റെ സന്ദേശമെത്തി. ജയിക്കണം. എന്‍റെ മനസ് നിങ്ങൾക്കൊപ്പമുണ്ട്. അവർ ഉണർന്നു, എല്ലാം മറന്ന് അവർ എറിക്‌സണിന്‍റെ ആശംസകൾക്കൊപ്പം പന്ത് തട്ടി. വൻ വിജയം അനിവാര്യമായ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ റഷ്യയ്ക്ക് എതിരെ ഡെൻമാർക്ക് നടത്തിയത് ജീവൻമരണ പോരാട്ടം. ജയിച്ചത് ഒന്നിന് എതിരെ നാല് ഗോളുകൾക്ക്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക്. അവർ കണ്ട സ്വപ്‌നത്തിന്‍റെ ആദ്യ പടിയായിരുന്നു റഷ്യയ്ക്ക് എതിരായ മത്സരം.
പ്രീക്വാർട്ടറില്‍ എതിരാളികൾ വെയ്‌ല്‍സ്. ഗരെത് ബെയിലിനും സംഘത്തിനും ഉണർന്ന് കളിക്കാൻ പോലും ഡാനിഷ് ടീം അവസരം നല്‍കിയില്ല. ജയം എതിരില്ലാത്ത നാല് ഗോളിന്. ക്വാർട്ടറില്‍ കരുത്തരായ ചെക്ക് റിപ്പബ്ലിക്കിനെയായിരുന്നു നേരിടേണ്ടിയിരുന്നത്. പതറാതെ മത്സരത്തിന്‍റെ ആദ്യ മിനിട്ട് മുതല്‍ ആക്രമണം അഴിച്ചു വിട്ട ഡാനിഷ് ടീം ചെക്കിനെ ഒന്നിന് എതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി സെമിയിലേക്ക്. കിരീടമെന്ന സ്വപ്‌നത്തിന് ഇനി രണ്ട് മത്സരങ്ങൾ മാത്രം.
read more: യുഎസ് ഓപ്പണ്‍: ചരിത്രം കുറിച്ച് മെദ്‌വെദേവ്; കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം
ഓർമയില്‍ 1992
1992ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്‍റെ ഫൈനല്‍ റൗണ്ടിലേക്കുള്ള എട്ട് ടീമുകളെ നിശ്ചയിച്ചപ്പോൾ അതില്‍ ഡെൻമാർക്ക് എന്ന ടീം ഇല്ലായിരുന്നു. രാജ്യം രണ്ടായി പിരിഞ്ഞതിനെ തുടർന്ന് യൂറോ കപ്പ് ഫൈനല്‍ റൗണ്ടിലേക്ക് നേടിയ യോഗ്യത യൂഗോസ്ലാവിയയ്ക്ക് നഷ്‌ടമായി. അങ്ങനെ ഭാഗ്യത്തിന്‍റെ രൂപത്തില്‍ യൂഗോസ്ലാവിയ മത്സരിച്ച് ജയിച്ച് വന്ന ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഡെൻമാർക്ക് യൂറോകപ്പിനെത്തി.
പിന്നീട് നടന്നത് ചരിത്രം. സ്വീഡൻ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നി വമ്പൻമാർ ഉൾപ്പെട്ട ഗ്രൂപ്പില്‍ ഫ്രാൻസിനെയും ഇംഗ്ലണ്ടിനെയും മറികടന്ന് സ്വീഡനും ഡെൻമാർക്കും സെമിയിലേക്ക്. സെമിയില്‍ ഡെന്നിസ് ബെർകാമ്പ്, ഫ്രാങ്ക് റൈക്കാഡ്, മാർകോ വാൻ ബാസ്റ്റൻ, ലോറന്‍റ് ബ്ലാങ്ക്, റൂഡ് ഗള്ളിറ്റ്, കോമാൻ എന്നിവർ അടങ്ങിയ ലോക പ്രശസ്‌തമായ ഹോളണ്ട് ടീമിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഫൈനലിന് യോഗ്യത നേടി.
കലാശപ്പോരാട്ടത്തില്‍ കരുത്തരായ ജർമനിയായിരുന്നു എതിരാളികൾ. ലോകം ഞെട്ടിത്തരിച്ച അട്ടിമറിയില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഡെൻമാർക്ക് ജർമനിയെ കീഴടക്കി ആദ്യമായി യൂറോകപ്പ് കിരീടം സ്വന്തമാക്കി. ഡെൻമാർക്കിന്‍റെ പ്രശസ്തമായ 1992ലെ ടീമില്‍ ഗോൾ കീപ്പർ പീറ്റർ ഷ്‌മൈക്കല്‍, ഗോളടിയന്ത്രമായിരുന്ന ഹെൻറിക് ലാർസൻ, ബ്രയാൻ ലാഡ്രപ്, വില്‍ഫോർട് എന്നിവരായിരുന്നു പ്രധാന താരങ്ങൾ.
അന്നത്തെ സൂപ്പർ താരമായിരുന്ന പീറ്റർ ഷ്‌മൈക്കലിന്‍റെ മകൻ കാസ്‌പർ ഷ്‌മൈക്കലാണ് ഇപ്പോഴത്തെ ടീമിന്‍റെ ഗോൾവല കാക്കുന്നത് എന്നത് മറ്റൊരു കൗതുകം.
ഇനിയാണ് കളി
സെമിയില്‍ ഇംഗ്ലണ്ടാണ് ഡെൻമാർക്കിന്‍റെ എതിരാളികൾ. സ്വന്തം നാട്ടില്‍ ഓരോ മത്സരം കഴിയുന്തോറും മികച്ച പോരാട്ടം കാഴ്‌ചവെയ്ക്കുന്ന ഇംഗ്ലണ്ടിന് ശരിക്കും ഒത്ത എതിരാളികൾ തന്നെയാണ് ഡെൻമാർക്ക്. പക്ഷേ ഡെൻമാർക്കിന് എതിരാളികൾ ആരെന്നതല്ല, അവരുടെ സ്വപ്‌നത്തിലേക്കുള്ള യാത്രയാണ് ഓരോ യൂറോ കപ്പ് വിജയവും.
മത്സരത്തിനിടെ കുഴഞ്ഞുവീണ ക്രിസ്ത്യൻ എറിക്‌സണ് വേണ്ടി ലോകം മുഴുവൻ പ്രാർഥിച്ചു. ആത്മവിശ്വാസത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന എറിക്‌സൺ ഇപ്പോൾ ഡാനിഷ് ടീമിന് വേണ്ടി പ്രാർഥിക്കുകയാണ്. വീണ്ടും ഒരിക്കല്‍ കൂടി ഡെൻമാർക്ക് യൂറോ കപ്പ് സ്വന്തമാക്കുന്നതിനായി.
30 വർഷത്തെ കാത്തിരിപ്പ് മാത്രമല്ല അവർക്കിത്, ആത്മവിശ്വാസത്തിന്‍റെ, അതിജീവനത്തിന്‍റെ, വിജയത്തിനായുള്ള അടങ്ങാത്ത ആഗ്രഹത്തിന്‍റെ, അതിനെല്ലാമുപരി ക്രിസ്ത്യൻ എറിക്‌സൺ എന്ന അവരുടെ ഹൃദയ താരത്തിന് വേണ്ടി ഡെൻമാർക്ക് കിരീടം സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കാം.