ലീഡ്‌സ്: 2020 അവിസ്‌മരണീയമാക്കാന്‍ ഒരുങ്ങി പോർച്ചുഗീസ് യുവതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ വർഷം നിരവധി റെക്കോഡുകൾ ക്രിസ്റ്റ്യാനോ തകർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 99 അന്താരാഷ്‌ട്ര ഗോളുകളാണ് താരത്തിന്‍റെ പേരിലുള്ളത്. ഈ വർഷം യൂറോ കപ്പ് കളിക്കുന്ന പശ്ചാത്തലത്തില്‍ ഇറാന്‍റെ അലിദായിയുടെ 109 ഗോളെന്ന റെക്കോഡ് മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം. ഈ നേട്ടം സ്വന്തമാക്കാനായാല്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്‌ട്ര ഗോളുകൾ നേടുന്ന താരമെന്ന റെക്കോഡ് ക്രിസ്റ്റ്യാനോക്ക് സ്വന്തമാകും. ഇറ്റാലിയന്‍ സീരി എ യില്‍ ഏറ്റവും കൂടുതല്‍ ഗോൾ നേടുന്ന നാലാമത്തെ കളിക്കാരനാണ് നിലവില്‍ യുവന്‍റസിന്‍റെ താരം കൂടിയായ ക്രിസ്റ്റ്യാനോ. 10 ഗോളുകളാണ് ലീഗില്‍ ഈ വർഷം ഇതുവരെ താരം സ്വന്തം പേരിലാക്കിയത്. ഗോൾ വേട്ടയില്‍ ഈ വർഷം ഒന്നാമതായാല്‍ മറ്റൊരു അപൂർവ റെക്കോഡ് കൂടി താരത്തിന്‍റെ പേരിലാകും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും സ്പാനിഷ് ലാലിഗയിലും ഇറ്റാലിയന്‍ സീരി എയിലും ഗോൾ വേട്ടയില്‍ ഒന്നാമത് എത്തുന്ന ആദ്യ താരമെന്ന റെക്കോഡാണ് ക്രിസ്റ്റ്യനോയുടെ പേരിലാകുക.
കഴിഞ്ഞ വർഷം ബാലന്‍ ദിയോർ പുരസ്‌ക്കാരം അർജന്‍റീന്‍ താരം ലയണല്‍ മെസി സ്വന്തമാക്കിയിരുന്നു. ഇതിനകം ആറ് തവണ മെസി പുരസ്‌ക്കാരം സ്വന്തമാക്കിയപ്പോൾ അഞ്ച് തവണ ക്രിസ്റ്റ്യാനോയും പുരസ്‌ക്കാരം സ്വന്തമാക്കി.