റോം: സർക്കാരില്‍ നിന്നും അനുമതി ലഭിച്ചാല്‍ കൊവിഡ് 19 കാരണം നിർത്തിവെച്ച ഇറ്റാലിയന്‍ സീരി എ മത്സരങ്ങൾ ജൂണ്‍ 13 മുതല്‍ പുനരാരംഭിക്കുമെന്ന് ലീഗ് അധികൃതർ. ഇതു സംബന്ധിച്ച ശുപാർശ ലീഗ് അധികൃതർ സർക്കാരിന് നല്‍കും. അന്തിമ തീരുമാനം സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകും. ലീഗിലെ വിവിധ ക്ലബ് പ്രതിനിധികൾ ചേർന്നെടുത്ത തീരുമാനം സർക്കാരിനെ അറിയിക്കുകയായിരുന്നു. കൊവിഡ് 19 കാരണം സീരി എ മത്സരങ്ങൾ രണ്ട് മാസത്തോളമായി നിർത്തിവെച്ചിരിക്കുകയാണ്. ആഭ്യന്തര ഫുട്‌ബോൾ ലീഗുകൾ പൂർത്തിയാക്കാനുള്ള സമയം ഓഗസ്റ്റ് മൂന്നില്‍ നിന്നും 14-ലിലേക്ക് നീട്ടണമെന്ന് ഇറ്റാലിയന്‍ ഫുട്‌ബോൾ അസോസിയേഷന്‍ യുവേഫയോട് ആവശ്യപെട്ടിട്ടുണ്ട്. ഇതിലൂടെ ലീഗുകൾ പൂർത്തിയാക്കാന്‍ സമയം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് അസോസിയേഷന്‍.
മാർച്ച് ഒമ്പത് മുതല്‍ ഇറ്റലിയിലെ കായിക മേഖല കൊവിഡ് 19 കാരണം സ്തംഭിച്ചിരിക്കുകയാണ്. കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ ഇതിനകം 31,000-ല്‍ അധികം പേർ മരണമടഞ്ഞു.