ബംഗളൂരു: ഇന്ത്യന്‍ സൂപ്പർ ലീഗില്‍ ഒഡീഷയുടെ വല നിറച്ച് ബംഗളൂരു എഫ്‌സി. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ബംഗളൂരു എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഒഡീഷ എഫ്‌സിയെ തോല്‍പ്പിച്ചു. 23-ാം മിനിറ്റില്‍ ഡേഷോണ്‍ ബ്രൗണിലൂടെയാണ് ബംഗളൂരു ഗോള്‍വേട്ട തുടങ്ങിയത്. രണ്ട് മിനിറ്റുകൾക്കകം രാഹുല്‍ ബെക്കെ ബംഗലൂരുവിന്‍റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയിലായിരുന്നു മൂന്നാമത്തെ ഗോൾ. 61-ാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛേത്രി പെനല്‍റ്റിയിലൂടെ സന്ദർശകരുടെ വല ചലിപ്പിച്ചു.
ഡെല്‍ഗാഡോ എടുത്ത കോര്‍ണര്‍ കിക്കില്‍ ഗ്യൂഡെസ് ബംഗലൂരുവിന്‍റെ പര്‍ത്താലുവിനെ ബോക്‌സില്‍ വീഴ്ത്തി. ഇതോടെ ബംഗലൂരുവിന് അനുകൂലമായി റഫറി പെനല്‍റ്റി വിധിക്കുകയായിരുന്നു. ജയത്തോടെ ഒഡീഷയുടെ വിജയ കുതിപ്പ് അവസാനിപ്പിക്കാനും ബംഗളൂരുവിനായി. ലീഗിലെ കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒഡീഷ തോല്‍വി അറിഞ്ഞിരുന്നില്ല.
കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപെട്ടതിന്‍റെ ക്ഷീണം മാറ്റാനും നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സിക്ക് ഹോം ഗ്രൗണ്ടിലെ മിന്നും ജയത്തോടെ സാധിച്ചു. ജയത്തോടെ ബംഗളൂരു പോയിന്‍റ് പട്ടികയില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 14 കളികളില്‍ 25 പോയിന്‍റാണ് ഒന്നാം സ്ഥാനത്തുള്ള ബംഗലൂരുവിന് ഉള്ളത്. തോറ്റെങ്കിലും 14 കളികളില്‍ 21 പോയിന്‍റുള്ള ഒഡീഷ നാലാം സ്ഥാനത്തുണ്ട്.
ലീഗിലെ അടുത്ത മത്സരത്തില്‍ ദുർബലരായ ഹൈദരാബാദ് എഫ്‌സിയാണ് ബംഗളൂരുവിന്‍റെ എതിരാളികൾ. ജനുവരി 30-നാണ് മത്സരം. അതേസമയം ജനുവരി 29-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ഒഡീഷ എഫ്‌സി വമ്പന്‍മാരായ ഗോവ എഫ്‌സിയെ നേരിടും. 24 പോയിന്‍റുമായി ഗോവ പട്ടികയില്‍ മൂന്നാമതാണ്.