യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ പ്ലേ ഓഫ് പട്ടികയായി. എട്ട് ഗ്രൂപ്പുകളില്‍ നിന്നായി ശക്തരായ 16 ടീമുകളാണ് പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിച്ചത്. ഗ്രൂപ്പ് എയില്‍ നിന്നും നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും യോഗ്യത നേടിയപ്പോള്‍ ഗ്രൂപ്പ് ബിയില്‍ നിന്നും ഇന്നലെ നടന്ന മത്സരത്തില്‍ ജയിച്ച് റയല്‍ മാഡ്രിഡ് പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി. റയലിനെ കൂടാതെ മൊന്‍ചെന്‍ഗ്ലാഡ്ബാച്ചും പ്ലോ ഓഫില്‍ പ്രവേശിച്ചു.
ഗ്രൂപ്പ് സിയില്‍ നിന്നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും പോര്‍ട്ടോയും പട്ടികയില്‍ ഇടം നേടി. ഗ്രൂപ്പ് ഡിയില്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളും ഇറ്റാലിയന്‍ കരുത്തരായ അറ്റ്ലാന്‍ഡയുമാണ് 16 അംഗ ചുരുക്ക പട്ടികയുടെ ഭാഗമായത്. ഗ്രൂപ്പ് ഇയില്‍ നിന്നും ചാമ്പ്യന്‍മാരായി ചെല്‍സിയും രണ്ടാം സ്ഥാനക്കാരായി സെവിയ്യയും പ്ലേ ഓഫ് യോഗ്യത നേടി. ഗ്രൂപ്പ് എഫില്‍ നിന്നും ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടും ലാസിയോയും പ്ലേ ഓഫില്‍ പ്രവേശിച്ചു.
ഗ്രൂപ്പ് ജിയില്‍ നിന്നും സൂപ്പര്‍ താര ക്ലബുകളാണ് പ്ലോ ഓഫില്‍ കടന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെട്ട യുവന്‍റസ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ ലയണല്‍ മെസി ഉള്‍പ്പെട്ട ബാഴ്‌സലോണ രണ്ടാം സ്ഥാനക്കാരായും പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി. ഗ്രൂപ്പ് എച്ചില്‍ നിന്നും ഫ്രഞ്ച് ലീഗിലെ ചാമ്പ്യന്‍മാരായ പിഎസ്‌ജി ചാമ്പ്യന്‍മാരായും ആര്‍ബി ലെപ്‌സിഗ് രണ്ടാം സ്ഥാനക്കാരായും 16അംഗ പട്ടികയില്‍ ഇടം നേടി. ഗ്രൂപ്പ് ഘട്ടം പൂര്‍ണമായപ്പോള്‍ വമ്പന്‍ ടീമുകളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, അയാക്‌സ്, ഇന്‍റര്‍ മിലാന്‍ തുടങ്ങിയവര്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങി.
ഇന്നലെ നടന്ന മത്സരത്തില്‍ പിഎസ്‌ജി ഇസ്‌താംബുള്‍ ബസക്‌ഷറിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. നെയ്‌മറുടെ ഹാട്രിക് ഗോളിന്‍റെ ബലത്തിലാണ് പിഎസ്‌ജി ജയം സ്വന്തമാക്കിയത്. മറ്റ് രണ്ട് ഗോളുകള്‍ കിലിയന്‍ എംബാപ്പെയുടെ ബൂട്ടുകളില്‍ നിന്നാണ് പിറന്നത്. ബസക്‌ഷറിന് വേണ്ടി ടോപ്പാല്‍ രണ്ടാം പകുതിയില്‍ ആശ്വാസ ഗോള്‍ സ്വന്തമാക്കി.