മാന്‍ഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് തുടര്‍ച്ചയായ മൂന്നാം ജയം. ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂള്‍ കീഴടക്കിയത്. അത്‌ലറ്റികോയ്‌ക്കായി അന്‍റോയിന്‍ ഗ്രീസ്മാനും ലിവർപൂളിനായി മുഹമ്മദ് സലയും ഇരട്ട ഗോളുകൾ നേടി. നബി കീറ്റയാണ് ലിവർപൂളിന്‍റെ മൂന്നാം ഗോൾ നേടിയത്.
മത്സരത്തിന്‍റെ എട്ടാം മിനിട്ടില്‍ സലായിലൂടെ ലിവര്‍പൂളാണ് ആദ്യം മുന്നിലെത്തിയത്. അത്‌ലറ്റികോയുടെ മൂന്ന് പ്രതിരോധ താരങ്ങളെ മറികടന്നായിരുന്നു സലയുടെ ഗോൾ ആഘോഷിച്ചത്. ഇതോടെ ചെമ്പടയ്‌ക്കായി തുടര്‍ച്ചയായ ഒന്‍പത് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കാനും ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ക്കായി.
തുടര്‍ന്ന് 13ാം മിനിട്ടില്‍ നബി കീറ്റയിലൂടെ ലിവര്‍പൂള്‍ ലീഡുയര്‍ത്തി. ബോക്‌സിന് പുറത്തുനിന്നുതിര്‍ത്ത കീറ്റയുടെ ഒരു തകർപ്പൻ വോളിയാണ് വല കുലുക്കിയത്. എന്നാല്‍ 20, 34 മിനിട്ടുകളില്‍ ഗ്രീന്‍സ്മാനിലൂടെ അത്‌ലറ്റികോ ഒപ്പം പിടിച്ചു. ആദ്യ ഗോളിന് കൊകെയും രണ്ടാം ഗോളിന് ജാവോ ഫെലിക്‌സും വഴിയൊരുക്കി.
52ാം മിനിട്ടില്‍ ഗ്രീസ്മാന്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അത്‌ലറ്റികോയ്‌ക്ക് തിരിച്ചടിയായി. ഫിര്‍മിനോയെ ഹൈ ബൂട്ട് ചെയ്‌തതിനാണ് ഗ്രീസ്മാന് നേരിട്ട് ചുവപ്പ് നല്‍കിയത്. തുടര്‍ന്ന് മത്സരം നിയന്ത്രണത്തിലാക്കിയ ലിവര്‍പൂളിനായി 78ാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച സല രണ്ടാം ഗോളും വിജയവും ഉറപ്പിച്ചു.
also read: ചാമ്പ്യന്‍സ് ലീഗ്: മെസിയുടെ ഇരട്ട ഗോളില്‍ പിഎസ്‌ജിക്ക് ജയം
വിജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും ലിവര്‍പൂളിനായി. കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ച സംഘത്തിന് ഒമ്പത് പോയിന്‍റാണുള്ളത്. അത്‌ലറ്റികോ നാല് പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ്. ഒരു മത്സരം മാത്രം ജയിച്ച സംഘത്തിന് ഓരോവിതം സമനിലയും തോല്‍വിയുമാണുള്ളത്.