ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗിന്‍റെ കലാശപ്പോര് ഇംഗ്ലണ്ടിലെ വിഖ്യാതമായ വിംബ്ലി സ്റ്റേഡിയത്തിലേക്ക് മാറ്റാന്‍ ഒരുങ്ങി യുവേഫ. പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും നേര്‍ക്കുനേര്‍ വരുന്ന ഫൈനല്‍ പോരാട്ടത്തിന്‍റെ വേദി കൊവിഡ് സുരക്ഷ മുന്‍നിര്‍ത്തിയാണ് മാറ്റുന്നത്. ബുധനാഴ്‌ച നടക്കുന്ന യുവേഫ യോഗം വേദി മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തേക്കും.
ബ്രിട്ടണ്‍ ചുവപ്പ് പട്ടികയില്‍ പെടുത്തിയതിനെ തുടര്‍ന്ന് സഞ്ചാര വിലക്കുള്ള രാജ്യങ്ങില്‍ ഒന്നാണ് ഇസ്‌തംബുള്‍. ചാമ്പ്യന്‍സ് ലീഗ് പോരാട്ടം ഇസ്‌താംബുള്ളിലാണെങ്കില്‍ ടീം അംഗങ്ങളും കളികാണാന്‍ പോയി മടങ്ങിവരുന്നവരും 10 ദിവസത്തെ ക്വാറന്‍റൈനില്‍ കഴിയേണ്ടിവരും. കൂടാതെ കൊവിഡിനെ തുടര്‍ന്നുള്ള സുരക്ഷാ പ്രശ്‌നങ്ങളും ആശങ്കയുണ്ടാക്കുന്നു. ഫൈനലിന് ശേഷം തിരിച്ചെത്തുന്ന താരങ്ങള്‍ക്ക് ക്വാറന്‍റൈനില്‍ കഴിയേണ്ടതിനാല്‍ ജൂണ്‍ 11ന് ആരംഭിക്കുന്ന യൂറോ 2020 പോരാട്ടങ്ങളുടെ ഭാഗമാകാനും സാധിക്കില്ല. ഈ പശ്ചാത്തലത്തിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വിംബ്ലിയിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നത്.
കൂടുതല്‍ വായനക്ക്: യുവന്‍റസിന് തിരിച്ചടി; എസി മിലാന് മുന്നില്‍ മുട്ടുമടക്കി
യുവേഫ പച്ചക്കൊടി കാണിക്കുകയാണെങ്കില്‍ ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനല്‍ പോരാട്ടം നേരില്‍ക്കാണാന്‍ ഇരു ടീമുകളുടെയും ആരാധകര്‍ക്ക് അവസരം ലഭിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെ 10,000 പേര്‍ക്ക് വിംബ്ലിയിലെ ഗാലറിയിലെത്തി ഫൈനല്‍ ആസ്വദിക്കാനാണ് അവസരം ഒരുങ്ങുക. വിംബ്ലിയില്‍ വെച്ചാണ് കലാശപ്പോര് നടക്കുന്നതെങ്കില്‍ സിറ്റിയുടെയും ചെല്‍സിയുടെയും 5,000 ആരാധകര്‍ക്ക് വീതം മത്സരം നേരില്‍ കാണാനാകും.