ലിസ്‌ബണ്‍: പോര്‍ച്ചുഗലും സ്‌പെയിനും തമ്മിലുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഗോള്‍രഹിത സമനില വഴങ്ങിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വീണ്ടും തിരിച്ചടി. റോണോയുടെ വീട്ടില്‍ കള്ളന്‍ കയറി. പോര്‍ച്ചുഗല്ലിലെ മദേരിയയിലെ വീട്ടിലാണ് മോഷണം നടന്നത്.
റൊണാള്‍ഡോ പോര്‍ച്ചുഗീസ് ദേശീയ ടീമിനൊപ്പമായിരുന്ന സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രാദേശിക മാധ്യമങ്ങളാണ് മോഷണ വിവരം പുറത്ത് വിട്ടത്. 180 പൗണ്ട് വിലയുള്ള ക്രിസ്റ്റ്യാനോയുടെ ഒപ്പോടുകൂടിയ ടീ ഷര്‍ട്ട് ഉള്‍പ്പെടെ കള്ളന്‍ കൊണ്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഇതേവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. സിസിടിവി ഉള്‍പ്പെടെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
സ്‌പെയിനും പോര്‍ച്ചുഗലും തമ്മില്‍ ഇന്നലെ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചിരുന്നു. പോര്‍ച്ചുഗലിനെ ക്രിസ്റ്റ്യാനോയും സ്‌പെയിനെ സെര്‍ജിയോ അഗ്യൂറോയുമാണ് നയിച്ചത്. ഈ മാസം 29ന് നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും നേര്‍ക്കുനേര്‍ വരും. യുവന്‍റസിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഗ്രൂപ്പ് ജിയിലാണ് ഇത്തവണ ഇരു ടീമുകളും.