ഹൈദരാബാദ്: ഐഎസ്എല്ലിലെ തുടർച്ചയായ മൂന്നാം ജയം തേടി നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്സി ഇന്നിറങ്ങും. ഹൈദരാബാദ് എഫ്സിക്കെതിരെ അവരുടെ ഹോം ഗ്രൗണ്ടില്‍ ഇന്ന് രാത്രി 7.30-നാണ് മത്സരം.
അഞ്ച് കളികളില്‍ നിന്നും ഒമ്പത് പോയന്‍റുമായി ലീഗില്‍ മൂന്നാം സ്ഥാനത്താണ് ബംഗളൂരു എഫ്സി. ഇന്ത്യന്‍ താരം സുനില്‍ ഛേത്രിയുടെ നേതൃത്വത്തിലുള്ള ബംഗളൂരു കഴിഞ്ഞ മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ വിജയം ബംഗളൂരു നേടിയിരുന്നു. താരതമ്യേന ദുർബലരായ ഹൈദരാബാദിനെ തോല്‍പിച്ച് ലീഗില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനാകും പരിശീലകന്‍ കാർലസ് കോഡ്രറ്റിന്‍റെ നേതൃത്വത്തിലുള്ള
ബംഗളൂരുവിന്‍റെ ശ്രമം. 10 പോയന്‍റ് വീതമുള്ള എടികെയും ജംഷഡ്പൂർ എഫ്സിയുമാണ് ലീഗില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ആദ്യ മൂന്ന് മത്സരങ്ങലില്‍ ബംഗളൂരു സമനില ഏറ്റുവാങ്ങിയെങ്കിലും തുടർന്നുള്ള മത്സരങ്ങളില്‍ ചെന്നൈയിന് എതിരെയും ബ്ലാസ്‌റ്റേഴ്സിന് എതിരെയും ബംഗളൂരു വിജയം സ്വന്തമാക്കിയിരുന്നു.
എല്ലാ ഫുട്ബോൾ മത്സരത്തിന് മുമ്പും ചെസ് മത്സരത്തിന് സമാനമായ ആസൂത്രണം നടത്താറുണ്ടെന്ന് പരിശീലകന്‍ കോഡ്രറ്റ് മാധ്യമങ്ങളോട് പറഞ്ഞു. ആസൂത്രിത മായ ശ്രമങ്ങളിലൂടെയാണ് ടീം മികച്ച ഫലം നേടുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം ലീഗില്‍ അവസാന സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്സി സ്വന്തം ഗ്രൗണ്ടില്‍ ജയം തേടിയാണ് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപെട്ട ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. ഫില്‍ ബ്രൗണിന്‍റെ നേതൃത്വത്തിലുള്ള ഹൈദരാബാദിന്‍റെ നിരവധി താരങ്ങൾ പരിക്ക് കാരണം പുറത്തിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്സിന് എതിരെ മാത്രമാണ് ഹൈദരാബാദ് ജയം സ്വന്തമാക്കിയത്. ഇതേ വരെ നടന്ന മത്സരങ്ങളില്‍ 12 ഗോളുകൾ വഴങ്ങി എന്നത് പരിശീലകന്‍ പില്‍ ബ്രൗണിന് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.