ബെർലിന്‍: കൊവിഡ് 19 ഭീതിക്കിടെ പുനരാരംഭിച്ച ജർമന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് അദ്യ മത്സരത്തില്‍ തന്നെ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് യൂണിയന്‍ ബെർലിനെ പരാജയപ്പെടുത്തി. റോബർട്ടോ ലെവന്‍ഡോവ്‌സ്‌കി, ബെഞ്ചമിന്‍ പവാർഡ് എന്നിവരാണ് ബയേണിനായി ഗോൾ സ്വന്തമാക്കിയത്. സീസണിലെ ബയേണിന്‍റെ 18-ാമത്തെ ജയമാണ് ഇത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 26 മത്സരങ്ങളില്‍ നിന്നും 58 പോയിന്‍റോടെ ബയേണ്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മത്സരത്തില്‍ ഗോൾ നേടിയതോടെ തുടരെ അഞ്ചാം സീസണിലും ബയേണ്‍ മ്യൂണിക്കിന് വേണ്ടി റോബര്‍ട് ലെവന്‍ഡോസ്‌കിക്ക് 40 ഗോളുകള്‍ നേടാനായി. സീസണിലെ 34-ാം മത്സരത്തിലാണ് ലെവന്‍ഡോസ്‌കിയുടെ ഈ നേട്ടം. മത്സരങ്ങള്‍ ഇനിയും ശേഷിക്കെ ലെവന്‍ഡോസ്‌കി കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കി റെക്കോര്‍ഡ് നേടാനും സാധ്യതയുണ്ട്. ലോകം കൊവിഡ് 19 മഹാമാരിയുടെ പിടിയില്‍ അമർന്ന ശേഷം ആരംഭിക്കുന്ന ആദ്യ ഫുട്‌ബോൾ ലീഗെന്ന പ്രത്യേകതയാണ് ബുണ്ടസ് ലീഗക്ക് ഉള്ളത്. ജർമന്‍ സർക്കാരിന്‍റെ കർശന നിർദ്ദേശങ്ങൾ പാലിച്ച് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.