ലേവർക്യൂസന്: ജർമൻ ഫുട്‌ബോൾ ലീഗായ ബുണ്ടസ് ലീഗയില്‍ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്ക് വീണ്ടും കിരീടം സ്വന്തമാക്കാനുള്ള കുതിപ്പ് തുടരുന്നു. ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായ ലേവർക്യൂസനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ബയേണ്‍ മ്യൂണിക്ക് പരാജയപ്പെടുത്തി.
ലേവർക്യൂസന്‍റെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിലെ ഒമ്പതാം മിനുട്ടില്‍ മുന്നേറ്റതാരം ലൂക്കാസ് അലാറിയോ ആദ്യ ഗോൾ സ്വന്തമാക്കിയെങ്കിലും ആതിഥേയർക്ക് ലീഡ് നിലനിർത്താനായില്ല. മുന്നേറ്റ താരം കിങ്സ്‌ലി കോമാന്‍ 27-ാം മിനുട്ടില്‍ ബയേണിനായി ആദ്യ ഗോൾ സ്വന്തമാക്കി. പിന്നാലെ ആദ്യ പകുതിയിലെ 42-ാം മിനിട്ടില്‍ ലിയോണ്‍ ഗോരെറ്റ്സ്‌കയും ആദ്യപകുതിയിലെ അധികസമയത്ത് സെർജി നാബ്രിയും ബയേണിനായി ഗോൾ നേടി.
രണ്ടാം പകുതിയിലെ 66-ാം മിനുട്ടില്‍ റോബർട്ടോ ലെവൻഡോവ്‌സ്‌കി കൂടി ഗോൾ നേടിയതോടെ ബയേണ്‍ ആധിപത്യം ഉറപ്പിച്ചു. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കെ ലേവർക്യൂസന് വേണ്ടി ഫ്‌ളോറിയൻ വിർറ്റ്‌സ് രണ്ടാമത്തെ ഗോൾ സ്വന്തമാക്കി. ജയത്തോടെ 30 കളിയില്‍ നിന്നും ബയേണ്‍ 70 പോയിന്‍റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 63 പോയിന്‍റുമായി രണ്ടാം സ്ഥാനത്തുള്ള ഡോർട്ട്മുണ്ടിനെക്കാൾ ഏഴ് പോയിന്‍റിന്‍റെ മുന്‍തൂക്കമാണ് ബയേണിനുള്ളത്. 30 കളിയിൽ നിന്ന് 59 പോയിന്‍റുമായി റെഡ്ബുൾ ലെയ്പ്‌സിഗാണ് പട്ടികയില്‍ മൂന്നാമത്.
മറ്റൊരു കളിയിൽ ലെയ്പ്‌സിഗിനെ ലീഗിലെ ദുർബലരായ പാഡർബോൺ സമനിലയില്‍ കുരുക്കി. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. 27-ാം മിനിട്ടില്‍ പാട്രിക് ഷിക് ലെയ്പ്‌സിഗിനായും അധിക സമയത്ത് ക്രിസ്റ്റ്യൻ സ്‌ട്രോദെയ്ക് പാഡർബോണിനായും ഗോൾ നേടി.