ബാഴ്‌സലോണ: ലാലീഗയില്‍ ഇന്ന് ബാഴ്‌സലോണ വലൻസിയയുമായി ഏറ്റുമുട്ടും. ബാഴ്‌സലോണയുടെ ഹോംഗ്രൗണ്ടായ ക്യാമ്പ് ന്യൂവിലാണ് പോരാട്ടം. സൂപ്പർ താരം ലയണല്‍ മെസിയില്ലാതെ ബാഴ്‌സയിറങ്ങുമ്പോൾ കോപ്പാ ഡെല്‍ റേയില്‍ വിജയത്തിലെത്തിച്ച പരിശീലകനില്ലാതെയാണ് വലൻസിയ ഇറങ്ങുക.
പരിശീലകനായ മാർസലീഞ്ഞോയുടെ കീഴില്‍ ബാഴ്‌സലോണയെ തോല്‍പിച്ചാണ് വലൻസിയ കോപ്പാ ഡെല്‍ റേ സ്വന്തമാക്കിയത്. എന്നാല്‍ ഈ സീസൺ ആരംഭിച്ച് മൂന്ന് മത്സരങ്ങൾക്ക് ശേഷം മാർസലീഞ്ഞോയെ പുറത്താക്കി മുൻ റയല്‍ മാഡ്രിഡ് സഹപരിശീലകൻ ആല്‍ബേട്ട് സെലാദസിനെ വലൻസിയ മുഖ്യപരിശീലകനാക്കുകയായിരുന്നു. മെസിയോടൊപ്പം ഡെംപലേ, സാമൂവല്‍ ഉംറ്റീറ്റി എന്നിവരും പരിക്കുമൂലം പുറത്താണ്. മെസിയുടെ അഭാവത്തില്‍ സുവാരസ് - ഗ്രീസ്‌മാൻ സഖ്യം ബാഴ്‌സലോണയ്‌ക്ക് വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്‍റുകൾ വീതമുള്ള ബാഴ്‌സലോണ പോയിന്‍റ് പട്ടികയില്‍ എട്ടാം സ്ഥാനത്തും വലൻസിയ പത്താം സ്ഥാനത്തുമാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്‍റ് സ്വന്തമാക്കിയ അത്‌ലറ്റിക്കോ മാഡ്രിഡാണ് പോയിന്‍റ് പട്ടികയില്‍ മുന്നില്‍. സ്പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡ് അഞ്ചാം സ്ഥാനത്താണ്.