വില്ലാറയല്‍: സ്പാനിഷ് ലാലിഗയില്‍ കിരീട പ്രതീക്ഷ സജീവമാക്കി നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണ. എവേ മത്സരത്തില്‍ വില്ലാറയലിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബാഴ്സലോണ പരാജയപ്പെടുത്തി. മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍ പൗ ടോറസിന്‍റെ ഓണ്‍ ഗോളിലൂടെയാണ് ബാഴ്സലോണ സ്കോര്‍ ബോര്‍ഡ് തുറന്നത്. പിന്നാലെ 20ാം മിനുട്ടില്‍ ലൂയി സുവാരിസും 45ാം മിനുട്ടില്‍ അന്‍റോണിയോ ഗ്രീസ്മാനും 87ാം മിനുട്ടില്‍ കൗമാര താരം ആന്‍സു ഫാറ്റിയും ബാഴ്സലോണക്കായി ഗോള്‍ നേടി.
വില്ലാറയലുമായുള്ള മത്സരം ആരംഭിക്കുമ്പോള്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായി ഏഴ് പോയിന്‍റിന്‍റെ വ്യത്യാസമായിരുന്നു ബാഴ്സലോണക്ക്. എന്നാല്‍ അതിന്‍റെ സമ്മര്‍ദം പുറത്ത് കാണിക്കാതെ മെസിക്കും കൂട്ടര്‍ക്കും ആദ്യ പകുതി പൂര്‍ത്തിയാക്കാനായി. മെസിയുടെ അസിസ്റ്റില്‍ നിന്നാണ് ആദ്യ പകുതിയില്‍ സുവാരിസും ഗ്രീസ്മാനും നേടിയ ഗോളുകള്‍ പിറന്നത്. ഇതോടെ ഈ സീസണില്‍ മെസിയുടെ അസിസ്റ്റുകളുടെ എണ്ണം 19 ആയി. ലാലിഗയുടെ ചരിത്രത്തില്‍ മെസി ഏറ്റവും കൂടുതല്‍ ഗോള്‍ അവസരങ്ങള്‍ ഒരുക്കിയത് ഈ സീസണിലാണ്. ലാലിഗയിലെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരവും മെസിയാണ്. 22 ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡ് താരം കരീം ബെന്‍സേമ 17 ഗോളുകളാണ് ഈ സീസണില്‍ സ്വന്തമാക്കിയത്.
ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായുള്ള പോയിന്‍റ് വ്യത്യാസം നാലാക്കി കുറക്കാന്‍ ബാഴ്സലോണക്കായി. റയലിന് 77 പോയിന്‍റും ബാഴ്സലോണക്ക് 73 പോയിന്‍റുമാണ് ഉള്ളത്. ഇരു ടീമുകള്‍ക്കും ലീഗില്‍ നാല് മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്. ജൂലൈ എട്ടിന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബാഴ്സലോണ എസ്പാനിയോളിനെ നേരിടും.