മാഡ്രിഡ്: കൊവിഡ് 19-നെ പരാജയപ്പെടുത്തി മൈതാനത്ത് ഇറങ്ങാനായെങ്കിലും സമനില കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് സാധിക്കുന്നില്ല. മഹാമാരിയെ തുടര്‍ന്ന് പുനരാരംഭിച്ച സ്പാനിഷ് ലാലിഗയിലെ ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ വീണ്ടും സമനില. അത്‌ലറ്റിക്ക് ക്ലബുമായുള്ള മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. അത്‌ലറ്റിക്ക് ക്ലബിന്റെ മുന്നേറ്റ താരം ഇക്കര്‍ മുണിയായിന്‍ 37-ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടി. പിന്നാലെ അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി ഡിയാഗോ കോസ്റ്റ സമനില ഗോള്‍ സ്വന്തമാക്കി. പിന്നീട് അത്‌ലറ്റിക്ക് ക്ലബിന്റെ വല ചലിപ്പിക്കാന്‍ സാധിച്ചതുമില്ല.
സമനില വഴങ്ങേണ്ടി വന്നതോടെ ലീഗിലെ പോയിന്റ് പട്ടികയില്‍ അതിലറ്റിക്കോ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ടീമിന്റെ ചാമ്പ്യന്‍സ് ലീഗെന്ന സ്വപ്‌നത്തിനും മങ്ങലേറ്റു. ഇതേവരെ ലീഗിലെ ഈ സീസണില്‍ 13 തവണയാണ് അത്‌ലറ്റിക്കോ സമനില വഴങ്ങിയത്. കഴിഞ്ഞ ഒമ്പത് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് ടീം സ്വന്തമാക്കിയത്. 28 മത്സരങ്ങളില്‍ നിന്നും 46 പോയിന്റാണ് ഡിയേഗോ സിമിയോണിയുടെ ടീമിനുള്ളത്. അതേസമയം ലീഗില്‍ റിയല്‍ സോസിഡാസും ഓസാസുനയും തമ്മിലുള്ള മറ്റൊരു മത്സരവും സമനിയില്‍ കലാശിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു.