ലണ്ടന്‍ : അത്‍ലറ്റിക്കോ മാഡ്രിഡിന്‍റെ മിഡ്‌ഫീല്‍ഡര്‍ സൗണ്‍ നിഗൂസിനെ കൂടാരത്തിലെത്തിച്ച് ചെല്‍സി. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയുടെ അവസാന മണിക്കൂറിലാണ് നിഗൂസിനെ ചെല്‍സി സ്വന്തമാക്കിയത്.
അത്‍ലറ്റിക്കോയ്‌ക്ക് നാല് ദശലക്ഷം യൂറോ ട്രാൻസ്‌ഫർ ഫീയായി നൽകി ഒരു വര്‍ഷത്തേക്ക് ലോൺ അടിസ്ഥാനത്തിലാണ് 26കാരനെ ചെല്‍സി ടീമിലെത്തിച്ചത്.
13 വയസ് പ്രായമുള്ളപ്പോള്‍ 2008ലാണ് നിഗൂസ് മാന്‍ഡ്രിഡിലെത്തുന്നത്. തുടര്‍ന്ന് 2012ല്‍ 17ാം വയസില്‍ ക്ലബിനായി അരങ്ങേറ്റം കുറിച്ചു. അത്‍ലറ്റിക്കോയ്‌ക്കായി 340 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ താരം 43 ഗോളുകളും 20 അസിസ്റ്റുകളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ലാ ലിഗയില്‍ അത്‌ലറ്റിക്കോയുടെ 38 മത്സരങ്ങളില്‍ 33 മത്സരങ്ങളിലും താരം കളത്തിലിറങ്ങിയിരുന്നു.
ടീമിനൊപ്പം ലാലിഗ കിരീടം, കോപ്പ ഡെൽ റേ, സ്പാനിഷ് സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ്, രണ്ട് യൂറോപ്പ ലീഗ് കിരീടങ്ങള്‍ എന്നിവയും താരം നേടിയിട്ടുണ്ട്. 2013/14 സീസണ്‍ റായോ വല്ലേകാനോയ്‌ക്കൊപ്പം ചിലവഴിച്ച താരം മികച്ച പ്രകടനത്തോടെ 2014ലാണ് സ്‌പാനിഷ് തലസ്ഥാനത്തേക്ക് തിരിച്ചെത്തിയത്.
also read: ലാ ലിഗയില്‍ ഞെട്ടിക്കുന്ന കൂടുമാറ്റം; ഗ്രീസ്‌മാൻ അത്‍ലറ്റിക്കോ മാഡ്രിഡിൽ തിരിച്ചെത്തി
അതേസമയം മുന്‍ താരം അന്‍റോയിൻ ഗ്രീസ്‌മാനെ അത്‍ലറ്റിക്കോ മാഡ്രിഡ് ടീമില്‍ തിരിച്ചെത്തിച്ചു. ബാഴ്‌സലോണയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് ലോൺ അടിസ്ഥാനത്തിലാണ് ഗ്രീസ്‌മാനെ അത്‍ലറ്റിക്കോ സ്വന്തമാക്കിയത്. 2022 ജൂൺ വരെയാണ് ലോൺ കാലാവധി. എന്നാല്‍ കരാര്‍ കാലാവധി വര്‍ധിപ്പിക്കാനുള്ള ലോണ്‍ വ്യവസ്ഥയിലുണ്ടെന്ന് അത്‍ലറ്റിക്കോ വ്യക്തമാക്കി.