ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ 643 ഗോളുകളെന്ന റെക്കോഡിന് ഒപ്പമെത്തി കാല്‍പന്തിന്‍റെ ലോകത്തെ മിശിഹ. ഒരു ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകളെന്ന പെലെയുടെ റെക്കോഡിനൊപ്പമാണ് ലയണല്‍ മെസി എത്തിയിരിക്കുന്നത്. സ്‌പാനിഷ് ലാലിഗയില്‍ വലന്‍സിയക്ക് എതിരായ മത്സരത്തില്‍ ആദ്യ പകുതിയിലെ അധികസമയത്ത് പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചാണ് മെസി ഈ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. ആദ്യ പകുതിയുടെ അധികസമയത്ത് കിട്ടിയ പെനാല്‍ട്ടി വലന്‍സിയുടെ ഗോള്‍ കീപ്പര്‍ തടുത്തിട്ടെങ്കിലും റീ ബൗണ്ട് വന്ന ബോളിനെ ഒരു ഹെഡറിലൂടെ മെസി ഗോളാക്കി മാറ്റുകയായിരുന്നു. മത്സരം സമനിലയില്‍ കലാശിച്ചു.
കൂടുതല്‍ വായനക്ക്: നൗകാമ്പില്‍ ബാഴ്‌സലോണക്ക് സമനില കുരുക്ക്
17 സീസണുകളിലായി 748 മത്സരങ്ങളില്‍ നിന്നാണ് മെസിയുടെ നേട്ടം. 33 വയസുള്ള മെസി തന്‍റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. നൗ കാമ്പില്‍ നിന്നും ഫുട്‌ബോള്‍ ലോകത്തെ സൂപ്പര്‍ താരമായി വളര്‍ന്ന ഈ അര്‍ജന്‍റീനന്‍ സൂപ്പര്‍ താരത്തിന്‍റെ ഇനിയുള്ള ഓരോ ഗോളുകളും പുതിയ റെക്കോഡുകളായി മാറും. 282 അസിസ്റ്റുകളും മെസിയുടെ പേരിലുണ്ട്.
- — Leo Messi 🔟 (@WeAreMessi) December 19, 2020 " class="align-text-top noRightClick twitterSection" data="
— Leo Messi 🔟 (@WeAreMessi) December 19, 2020
">— Leo Messi 🔟 (@WeAreMessi) December 19, 2020
ബ്രസീലിയന്‍ ഇതിഹാസം പെലെ സാന്‍റോസിന് വേണ്ടി കളിച്ചാണ് 643 ഗോളുകള്‍ സ്വന്തമാക്കിയത്. 19 സീസണുകളില്‍ നിന്നായിരുന്നു ഈ നേട്ടം. 1974ലാണ് അവസാനമായി സാന്‍റോസിന് വേണ്ടി പെല ബൂട്ടണിയുന്നത്. 656 മത്സരങ്ങളാണ് പെലെ സാന്‍റോസിന് വേണ്ടി കളിച്ചത്. ശരാശരി ഓരോ മത്സരങ്ങളിലും ഓരോ ഗോള്‍ വീതമാണ് സാന്‍റോസിന് വേണ്ടി പെലെ നേടിയിരുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സാന്‍റോസില്‍ നിന്നും അമേരിക്കന്‍ ക്ലബായ ന്യൂയോര്‍ക്ക് കോസ്‌മോസിലേക്കായിരുന്നു പെലെയുടെ കൂടുമാറ്റം. സമാനമായൊരു കൂടമാറ്റത്തിലാണ് മെസിയെന്നത് യാദൃശ്ചികത മാത്രമാകാം. ഈ സീസണ്‍ അവസാനിക്കുന്ന മുറക്ക് പുതിയ തട്ടകത്തിലേക്ക് കളി മാറ്റാനാണ് തീരുമാനമെന്ന് മെസി ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.
തന്‍റെ കരിയറില്‍ നൗകാമ്പിലേക്ക് 24 കിരീടങ്ങളാണ് മെസിക്ക് എത്തിക്കാന്‍ സാധിച്ചത്. ഇതില്‍ 10 ലാലിഗ കിരീടങ്ങളും നാല് ചമ്പ്യന്‍സ് ലീഗ് കിരീടങ്ങളും ഉള്‍പ്പെടും. കാല്‍പന്തിന്‍റെ ലോകത്തെ മികവിന് ആറ് ബാലന്‍ ദ്യോറുകളും മെസി സ്വന്തമാക്കി. അര്‍ജന്‍റീനയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയിസില്‍ നിന്നും ബാഴ്‌സലോണയിലേക്ക് എത്തുമ്പോള്‍ കുഞ്ഞു മെസി ഫുട്‌ബോള്‍ ലോകത്തെ മിശിഹയായി മാറുമെന്ന് ആരും കരുതിയിരുന്നില്ല.