ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റിന് ബാസ്ബോളിലൂടെ (BazzBall) പുത്തന്‍ ശൈലി സമ്മാനിച്ച ടീമാണ് ഇംഗ്ലണ്ട് (England). അടുത്തിടെ അവസാനിച്ച ആഷസ് (Ashes) പരമ്പരയില്‍ ഉള്‍പ്പടെ ഈ ശൈലിയില്‍ കളിച്ച് ഓസ്‌ട്രേലിയയെപ്പോലും വിറപ്പിക്കാന്‍ അവര്‍ക്കായിരുന്നു. എന്നാല്‍, ഇന്ത്യയിലേക്ക് (India) ഇംഗ്ലണ്ട് എത്തുമ്പോള്‍ ബാസ്ബോള്‍ ശൈലി ഗുണം ചെയ്യുമോ എന്ന ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
അടുത്ത വര്‍ഷം ജനുവരിയിലാണ് ഇംഗ്ലണ്ട് സംഘം ഇന്ത്യയിലേക്ക് വരുന്നത്. മാര്‍ച്ച് വരെ ഇന്ത്യയില്‍ തങ്ങുന്ന ഇംഗ്ലീഷ് സംഘം അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്. ഹൈദരാബാദ്, വിശാഖപട്ടണം, രാജ്‌കോട്ട്, റാഞ്ചി, ധര്‍മശാല എന്നിവിടങ്ങളിലാണ് ഇന്ത്യ -ഇംഗ്ലണ്ട് പരമ്പരയിലെ മത്സരങ്ങള്‍ നടക്കുന്നത്.
ഈ പരമ്പരയ്‌ക്കായി ഇന്ത്യയിലേക്ക് എത്തുമ്പോള്‍ തങ്ങള്‍ക്ക് 'ബാസ്ബോള്‍' ക്രിക്കറ്റ് കളിക്കാന്‍ ആദ്യം സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരുമെന്ന് ഇംഗ്ലണ്ട് യുവ ഓപ്പണര്‍ സാക്ക് ക്രാവ്‌ലി (Zak Crawley) അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഗ്രൗണ്ടുകളെ കുറിച്ച് തനിക്ക് വ്യക്തമായ അറിവുകള്‍ ഇല്ലെങ്കിലും തങ്ങള്‍ക്ക് അനുയോജ്യമായ വിക്കറ്റുകള്‍ ഇവിടെ നിന്നും കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാക്ക് ക്രാവ്‌ലി വ്യക്തമാക്കി.
'അവരുടെ ഗ്രൗണ്ടുകളെ കുറിച്ച് എനിക്ക് കൃത്യമായ ധാരണകളൊന്നുമില്ല. ചില സമയങ്ങളില്‍ ഇന്ത്യയില്‍ പേസര്‍മാര്‍ക്ക് സ്വിങ്ങും മൂവ്‌മെന്‍റും ലഭിക്കാറുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്കൊപ്പം ഇപ്പോള്‍ സീമര്‍മാരുമുണ്ട്.
രണ്ട് തരത്തിലുള്ള പിച്ചുകള്‍ ഇന്ത്യയില്‍ ഉണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയാണെങ്കില്‍ ഞങ്ങള്‍ക്ക് കാര്യങ്ങള്‍ കുറച്ച് എളുപ്പമായേക്കാം. സ്‌പിന്‍ പിച്ചുകളാണ് ലഭിക്കുന്നതെങ്കില്‍, അതുമായി ഞങ്ങള്‍ക്ക് പൊരുത്തപ്പെടാന്‍ സമയം വേണ്ടിവന്നേക്കാം. സ്‌പിന്നിനെതിരെ നല്ല രീതിയില്‍ തന്നെ ഞങ്ങള്‍ക്ക് കളിക്കാനാകുമെന്നാണ് ഞാന്‍ കരുതുന്നത്' -സാക്ക് ക്രാവ്‌ലി പറഞ്ഞു.
ഇക്കഴിഞ്ഞ ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് 25-കാരനായ സാക്ക് ക്രാവ്‌ലി ആയിരുന്നു. 9 ഇന്നിങ്‌സില്‍ നിന്നും 480 റണ്‍സ് അടിച്ചെടുത്ത താരം 1993ന് ശേഷം ഹോം ആഷസ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണര്‍ ബാറ്ററായും മാറിയിരുന്നു. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ആഷസില്‍ തനിക്ക് നടത്താന്‍ കഴിഞ്ഞതെന്നും ക്രാവ്‌ലി പറഞ്ഞിരുന്നു.
അതേസമയം, ആറ് മാസത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് ഇംഗ്ലണ്ട് അടുത്ത ടെസ്റ്റ് മത്സരത്തിനിറങ്ങുന്നത്. ഏകദിന ലോകകപ്പ് ഉള്‍പ്പടെ വരുന്ന സാഹചര്യത്തിലാണ് ടെസ്റ്റ് മത്സരങ്ങള്‍ തമ്മില്‍ ഇത്രയേറെ ദൈര്‍ഘ്യം. ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടനം 2024 ജനുവരി 25നാണ് ആരംഭിക്കുന്നത്.
2021ലായിരുന്നു ഇംഗ്ലണ്ട് അവസാനമായി ഇന്ത്യയിലേക്ക് എത്തിയത്. അന്ന് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒരുകളി മാത്രമായിരുന്നു ഇംഗ്ലീഷ് സംഘം ജയിച്ചത്. മൂന്ന് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.