മുംബൈ : ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടർ കെയ്ല്‍ ജാമിസണെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കിവീസിന്‍റെ മറ്റ് ബൗളര്‍മാരില്‍ നിന്നും വ്യത്യസ്തനായ താരം ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടർമാരുടെ പട്ടികയില്‍ ഇടംപിടിക്കുമെന്ന് സച്ചിന്‍ പറഞ്ഞു.
തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.'ലോക ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടർമാരില്‍ ഒരാളായി മാറാന്‍ പോവുകയാണദ്ദേഹം. കഴിഞ്ഞ വർഷം ജാമിസണെ ന്യൂസിലാന്‍ഡില്‍വച്ച് കണ്ടപ്പോള്‍ ബോളുകൊണ്ടും ബാറ്റുകൊണ്ടും അദ്ദേഹം എന്നെ ആകർഷിച്ചിരുന്നു.
ട്രെന്‍റ് ബോള്‍ട്ട്, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സൗത്തി, നീല്‍ വാഗ്നര്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ വ്യത്യസ്തനായ ബൗളറാണ് ജാമിസണ്‍. താരത്തിന്‍റെ സ്ഥിരതയാര്‍ന്ന പ്രകടനമാണ് തന്നെ ആകർഷിക്കുന്നത്'. സച്ചിന്‍ പറഞ്ഞു.
also read: വിട്ടൊഴിയാതെ പരിക്ക്, ഹിമ കിതയ്ക്കുന്നു ; ഒളിമ്പിക് പ്രതീക്ഷയ്ക്ക് മങ്ങല്‍
പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച താരം മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. രണ്ട് ഇന്നിങ്സിലുമായി ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം ആദ്യത്തേതില്‍ 21 റണ്‍സ് കണ്ടെത്തുകയും ചെയ്തിരുന്നു.
ആദ്യ ഇന്നിങ്സില്‍ 22 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടിയ താരം രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റുകളാണ് നേടിയത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രണ്ട് തവണയും പുറത്തായത് ജാമിസണിന്‍റെ പന്തിലാണ്. കോലിയോടൊപ്പം രോഹിത് ശർമ, റിഷഭ് പന്ത്, ഇഷാന്ത് ശർമ, ജസ്‍പ്രീത് ബുംറ എന്നിവരാണ് ആദ്യ ഇന്നിങ്സില്‍ ജാമിസണിന്‍റെ ഇരകളായത്.