ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ മൂന്നാം ദിനമായ ഇന്ന് ഓസീസിനെതിരെ വമ്പന്‍ ലീഡ് വഴങ്ങാതിരിക്കാന്‍ ഇന്ത്യയ്‌ക്ക് പൊരുതണം. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 469 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനത്തില്‍ സ്റ്റംപെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ്. അജിങ്ക്യ രഹാനെ (29*) കെഎസ് ഭരത് (5*) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.
ഇനി അഞ്ച് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ ഓസ്‌ട്രേലിയയേക്കാള്‍ 318 റണ്‍സിന് പിന്നിലാണ് ഇന്ത്യയുള്ളത്. ഇതോടെ ഓസീസിന്‍റെ ലീഡ് കുറയ്‌ക്കാന്‍ അജിങ്ക്യ രഹാനെയുടെ പ്രകടനവും കെഎസ് ഭരത്തിന്‍റെ പിന്തുണയും ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമാണ്.
തകര്‍ന്നടിഞ്ഞ് ടോപ് ഓര്‍ഡര്‍: വമ്പന്‍ സ്‌കോര്‍ പിന്തുടരാനിങ്ങിയ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റര്‍മാര്‍ തീര്‍ത്തും നിരാശജനകമായ പ്രകടനമായിരുന്നു നടത്തിയത്. ടീം ടോട്ടലില്‍ 30 റണ്‍സ് മത്രമുള്ളപ്പോള്‍ ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. നായകന്‍ രോഹിത് ശര്‍മയാണ് ആദ്യം വീണത്. 15 റണ്‍സ് നേടിയ രോഹിത്തിനെ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
തൊട്ടുപിന്നാലെ പിന്നാലെ ശുഭ്‌മാന്‍ ഗില്ലും മടങ്ങി. 13 റണ്‍സ് നേടിയ ശുഭ്‌മാന്‍ ഗില്ലിനെ സ്‌കോട്ട് ബോലാൻഡ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ചെറിയ സ്‌കോറില്‍ തന്നെ ഓപ്പണര്‍മാര്‍ തിരിച്ച് കയറിതോടെ ഇന്ത്യ പ്രതിരോധത്തിലായി. പക്ഷെ, നാലാം വിക്കറ്റില്‍ ഒന്നിച്ച ചേതേശ്വര്‍ പുജാര- വിരാട് കോലി സഖ്യത്തില്‍ ടീമിന് പ്രതീക്ഷയുണ്ടായിരുന്നു.
എന്നാല്‍ സാഹചര്യത്തേയും സമ്മര്‍ദത്തെയും അതിജീവിക്കാന്‍ ഇരുവര്‍ക്കുമായില്ല. പുജാരയെ (14) കാമറൂണ്‍ ഗ്രീന്‍ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ വിരാട് കോലിയെ (14) മിച്ചല്‍ സ്റ്റാര്‍ക്ക് സ്റ്റീവ് സ്‌മിത്തിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. ടീം ടോട്ടലില്‍ വെറും 71 റണ്‍സ് മാത്രമുള്ള ഈ സമയം ഇന്ത്യ കൂട്ടത്തകര്‍ച്ച മുന്നില്‍ കണ്ടു.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന അജിങ്ക്യ രഹാനയും രവീന്ദ്ര ജഡേജയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. മികച്ച രീതിയില്‍ മുന്നേറുകമായിരുന്ന ഈ കൂട്ടുകെട്ട് പൊളിച്ച് നഥാന്‍ ലിയോണാണ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കിയത്. 48 റണ്‍സ് നേടിയ ജഡേജയെ നഥാന്‍ ലിയോണ്‍ സ്മിത്തിന്റെ കൈയില്‍ എത്തിക്കുകയായിരുന്നു.
71 റണ്‍സാണ് രഹാനെയോടൊപ്പം ജഡേജ ചേര്‍ത്തത്. തുടര്‍ന്നായിരുന്നു അജിങ്ക്യ രഹാനെയും ഭരത്തും ക്രീസില്‍ ഒന്നിച്ചത്. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോലാൻഡ്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.
ഓസീസിന് കരുത്തായി ഹെഡും സ്‌മിത്തും: ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങി ഓസീസിനെ മികച്ച നിലയില്‍ എത്തിച്ചത് ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ചുറി പ്രകടനമാണ്. ട്രാവിസ് ഹെഡ് 163 റണ്‍സ് അടിച്ച് കൂട്ടിയപ്പോള്‍ 121 റണ്‍സാണ് സ്റ്റീവ് സ്മിത്ത് നേടിയത്. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. മുഹമ്മദ് ഷമി, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ രവീന്ദ്ര ജഡേജയ്‌ക്ക് ഒരു വിക്കറ്റുണ്ട്.