അഹമ്മദാബാദ്: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ഇതിഹാസ താരം മിതാലി രാജിന് ഇനി പുതിയ ദൗത്യം. വിമന്‍സ് പ്രീമിയര്‍ ലീഗ് ഗുജറാത്ത് ജയന്‍റ്‌സ് ടീം ഉപദേഷ്‌ടാവായി മിതാലിയെ നിയമിച്ചു. ടീം ഉടമസ്ഥരായ അദാനി സ്‌പോര്‍ട്‌സ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടത്.
ടീം മെന്‍റര്‍ എന്നതിന് പുറമെ ഗുജറാത്തില്‍ വനിത ക്രിക്കറ്റിന്‍റെ താഴെ തട്ട് മുതലുള്ള പ്രചാരണത്തിനായും മിതാലി പ്രവര്‍ത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അഹമ്മദാബാദിന് പുറമെ ബെംഗളൂരു, മുംബൈ, ഡല്‍ഹി, ലഖ്‌നൗ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികളാണ് പ്രഥമ വിമന്‍സ് പ്രീമിയര്‍ ലീഗില്‍ ടീമുകളെ പങ്കെടുപ്പിക്കുന്നത്. ഔദ്യോഗിക മത്സര ക്രമം പുറത്ത് വന്നിട്ടില്ലെങ്കിലും വരുന്ന മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായി ടൂര്‍ണമെന്‍റ് നടത്തപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിമന്‍സ് പ്രീമിയര്‍ ലീഗിന്‍റെ പ്രഥമ സീസണ്‍ വനിത ക്രിക്കറ്റില്‍ ഒരു മികച്ച നീക്കമാണ്. അദാനി ഗ്രൂപ്പിന്‍റെ പങ്കാളിത്തം കായിക രംഗത്തിന് വലിയ ഉത്തേജനമാണെന്നും മുന്‍ ഇന്ത്യന്‍ വനിത ടീം ക്യാപ്‌റ്റന്‍ കൂടിയായ മിതാലി അഭിപ്രായപ്പെട്ടു. ഗുജറാത്ത് ജയന്‍റ്‌സ് മെന്‍ററായി തന്നെ ചുമതലപ്പെടുത്തിയതിന് ശേഷമായിരുന്നു മിതാലിയുടെ പ്രതികരണം.
വനിത ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന 40കാരിയായ മിതാലി 1999 ല്‍ ഏകദിന മത്സരത്തിലൂടെയാണ് അരങ്ങേറിയത്. തുടര്‍ന്ന് 232 മത്സരങ്ങളില്‍ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ മിതാലി തന്നെയാണ് ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടിയ താരവും. 50.07 ശരാശരിയില്‍ 7805 റണ്‍സാണ് മിതാലി ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്.
ഏഴ് സെഞ്ച്വറിയും 64 അര്‍ധസെഞ്ച്വറിയും താരത്തിന്‍റെ ഏകദിന കരിയറിലുണ്ട്. ടി20 ക്രിക്കറ്റില്‍ 89 മത്സരങ്ങളില്‍ നിന്നും 2364 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. ടെസ്റ്റില്‍ 12 മത്സരങ്ങളില്‍ നിന്നും 699 റണ്‍സും മിതാലി നേടിയിട്ടുണ്ട്.
താരലേലം അടുത്തമാസം: പ്രഥമ വനിത പ്രീമിയര്‍ ലീഗ് ടീമുകള്‍ക്കായുള്ള ലേലം കഴിഞ്ഞ ആഴ്‌ചയിലായിരുന്നു പൂര്‍ത്തിയായത്. ലേലത്തില്‍ അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു ഡല്‍ഹി, ലഖ്‌നൗ എന്നീ അഞ്ച് ഇന്ത്യന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികളായിരുന്നു പങ്കെടുത്തത്. ടീമുകളുടെ ലേലത്തിലൂടെ മാത്രം ബിസിസിഐക്ക് 4669.99 കോടി രൂപയാണ് ലഭിച്ചത്.
ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുക മുടക്കി ടീമിനെ സ്വന്തമാക്കിയത് അദാനി സ്‌പോര്‍ട്‌സ്‌ലൈന്‍ പ്രൈവറ്റ് ലിമിറ്റഡാണ്. അഹമ്മദാബാദ് ഫ്രാഞ്ചൈസിയ്‌ക്കായി അദാനി ഗ്രൂപ്പ് 1289 കോടി രൂപ ചെലവാക്കി. തുടര്‍ന്ന് 'ഗുജറാത്ത് ജയന്‍റ്‌സ്' എന്ന പേരും ടീമിന് ഉടമകള്‍ നല്‍കി, ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടീം ഉപദേഷ്‌ടാവായി മിതാലി രാജിനെ നിയമിച്ചത്.
അതേസമയം വിമന്‍സ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാനായി താരങ്ങള്‍ക്ക് പേര് രജിസ്റ്റര്‍ ചെയുന്നതിനുള്ള സമയം ഇക്കഴിഞ്ഞ 26ന് അവസാനിച്ചിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്‌ത താരങ്ങളുടെ പട്ടിക ബിസിസിഐ പുറത്ത് വിട്ടിട്ടില്ല. ഫെബ്രുവരിയില്‍ ലേലം നടക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
ലേലത്തില്‍ പങ്കെടുക്കുന്ന ക്യാപ്‌ഡ് താരങ്ങള്‍ക്ക് 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. അണ്‍ ക്യാപ്‌ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. ഓരോ ടീമിനും ആറ് വിദേശ താരങ്ങള്‍ ഉള്‍പ്പടെ 18 പേരെ ടീമില്‍ ഉള്‍പ്പെടുത്താം. ഒരു മത്സരത്തില്‍ അഞ്ച് വിദേശതാരങ്ങളെ ടീമുകള്‍ക്ക് കളത്തിലിറക്കാന്‍ സാധിക്കും.