ഹാമില്‍ട്ടണ്‍: വനിത ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 261 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തിലാണ് കിവീസ് 260 റണ്‍സെടുത്തത്.
അര്‍ധ സെഞ്ചുറി നേടിയ അമേലിയ കെർ(50), ആമി സാറ്റർത്ത്‌വെയ്റ്റ് (75) എന്നിവരുടെ പ്രകടനമാണ് കിവീസിന് തുണയായത്. കെയ്റ്റി മാർട്ടിൻ (41), ക്യാപ്റ്റന്‍ സോഫി ഡിവൈൻ (35), മാഡി ഗ്രീന്‍ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. നാല് താരങ്ങള്‍ അഞ്ച് റണ്‍സില്‍ താഴെ മാത്രം കണ്ടെത്തി പുറത്തായി. ഫ്രാൻസിസ് മക്കെ (12), ഹന്ന റോവ്(2) എന്നിവര്‍ പുറത്താവാതെ നിന്നു.
ഇന്ത്യയ്‌ക്കായി പൂജ വസ്‌ത്രാകർ 10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. രാജേശ്വരി ഗെയ്‌ഗ്‌വാദ് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍, ജുലൻ ഗോസ്വാമി, ദീപ്‌തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.
ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് കിവീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. ഓപ്പണര്‍ ഷഫാലി വര്‍മ്മയ്ക്ക് പകരം യാസ്തിക ഭാട്ടിയ ടീമിലിടം നേടി. ന്യൂസിലന്‍ഡ് നിരയില്‍ മാറ്റങ്ങളൊന്നുമില്ല.